കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. എം എം മാത്യു മഞ്ചാടിയില്‍, സിലി എന്നിവരെ കൊലപെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സി എസ് ഡയസ് തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യപ്പെട്ടത്.
ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു