ഡോണ്‍ ഗ്രേഷ്യസ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ

Kerala

മേപ്പാടി: തൃശ്ശൂര്‍ പുല്ലൂര്‍ ചുങ്കത്തു വീട്ടില്‍ ജോസിന്റെയും സോഫിയുടെയും മകന്‍ ഡോണ്‍ ഗ്രേഷ്യസ്(15) ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ. ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഡോണ്‍ ഗ്രേഷ്യസിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.

മെയ് 31 നായിരുന്നു വയനാട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ ഡോണ്‍ ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ചൂരല്‍മല പുഴയിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഡോണ്‍ ഗ്രേഷ്യസ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാനത്തിന്റെ തീരുമാനം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോണ്‍ ഗ്രേഷ്യസ് കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നാടിനടുത്തു ഈയിടെ നടന്ന അപകടത്തില്‍ മരിച്ച ഒരു വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്ത വാര്‍ത്ത അറിഞ്ഞ ഡോണ്‍ തനിക്കും എന്തെങ്കിലും ആപല്‍മരണമുണ്ടായാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് അന്ന് അമ്മയോട് പറഞ്ഞിരുന്നു. മകന്റെ ആ ആഗ്രഹമാണ് മാതാപിതാക്കള്‍ നടപ്പിലാക്കിയത്. പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഡോണ്‍ ഗ്രേഷ്യസിന്റെ ജേഷ്ഠനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചിരുന്നു.

വയനാട് ജില്ലയിലെ ആദ്യത്തെ അവയവമാറ്റത്തിനുള്ള മള്‍ട്ടി ഓര്‍ഗന്‍സ് സര്‍ജറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റ ശസ്ത്രക്രിയകളുടെ മേല്‍നോട്ടം നടന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുപോയ മറ്റൊരു വൃക്ക തലശ്ശേരി സ്വദേശിക്കും കരള്‍ ആസ്റ്റര്‍ മിംസില്‍ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണ് നല്‍കുക.

അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി മസ്തിഷ്‌ക്ക മരണം സംഭവിച്ച വ്യക്തിയില്‍ നിന്നും ഒന്നില്‍ അധികം അവയവങ്ങള്‍ മറ്റാളുകളിലേക്ക് മാറ്റാന്‍ ചെയ്യുന്ന മള്‍ട്ടി ഓര്‍ഗന്‍ റിട്രീവല്‍ വയനാട് ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിജയകരമായി പൂര്‍ത്തീകരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്‌