ഹജ്ജ് നൽകുന്നത് ഏകതയുടെ സന്ദേശം: ഡോ. മുഹമ്മദ് സ്വാദിഖ്

Kannur

കണ്ണൂർ : വർഗങ്ങളുടെയും വർണങ്ങളുടെയും പേരിൽ മനുഷ്യർ ഭിന്നിച്ചു കഴിയുന്ന ലോകത്ത് ഹജ്ജ് ഏകതയുടെയും മാനവികതയുടെയും സന്ദേശമാണ് നൽകുന്നതെന്ന് ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി മെമ്പർ ഡോ. കെ.പിമുഹമ്മദ് സ്വാദിഖ് അഭിപ്രയപ്പെട്ടു. ജില്ലയിൽ നിന്ന് ഈ വർഷം ഹജ്ജിന്ന് പോകുന്നവർക്കുള്ള ഹജ്ജ് ഗൈഡൻസ് ഫോറത്തിൻ്റെ പഠന കേമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ശാസ്ത്ര, സാങ്കേതിക മേഖലയിൽ മുന്നേറുമ്പോഴും ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നവും പ്രതിസന്ധിയും മനുഷ്യർ തമ്മിൽ വർഗത്തിൻ്റെയും വർണ്ണത്തിൻ്റെയും പേരിൽ നിലനിൽക്കുന്ന വർഗീയതയും വിഭാഗീയതയുമാണെന്ന് പഠന കേമ്പ് അഭിപ്രായപ്പെട്ടു. മനുഷ്യർ ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന ബോധത്തിലേക്കും ബോധ്യത്തിലേക്കും തിരിച്ചു വരാൻ ഹജ്ജ് നിർവഹിക്കുന്നവർക്കും ഹജ്ജ് ശ്രദ്ധിക്കുന്ന ലോക ജനതക്കും സാധിക്കുമെന്നതാണ് ഹജ്ജ് നൽകുന്ന പ്രതീക്ഷയെന്നും പഠനകേമ്പ് വ്യക്തമാക്കി.

ഹജ്ജ് ഗൈഡൻസ് ഫോറം ചെയർമാൻ ടി.മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. വടകര മസ്ജിദുൽ അബ്റാർ ഖത്തീബ് സുബൈർ കൗസരി, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ് കുട്ടി മദനി, വളപട്ടണം റഹ് മ മസ്ജിദ് ഖത്തീബ് ശംസുദ്ദീൻ പാലക്കോട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ഗൈഡൻസ് ഫോർ കൺവീനർ സി.സി ശകീർ ഫാറൂഖി,സാജിദ് നദ് വി, പി.വി അബ്ദുൽ സത്താർ ഫാറൂഖി എന്നിവർ പ്രസംഗിച്ചു.