കാഴ്ചയില്ലാത്തവന് കണ്ണാടികൊണ്ടുള്ള പ്രയോജനം മാത്രമെ ബുദ്ധി ഉപയോഗിക്കാത്ത മനുഷ്യന് പുസ്തകങ്ങൾ കൊണ്ട് ലഭിക്കു

Articles

വി ആര്‍ അജിത് കുമാര്‍

ചാണക്യനീതി ഭാഗം 06

ജാഗ്രത്തായും ബുദ്ധിപരമായും ഭാവിക്കായി തയ്യാറെടുക്കുന്നവന്‍ ഭാഗ്യവാനും സന്തോഷവാനും ആയിരിക്കും. എന്നാൽ തയ്യാറെടുപ്പുകളില്ലാതെ ഭാഗ്യത്തെ പൂർണ്ണമായി ആശ്രയിക്കുന്നവൻ നശിച്ചുപോകും.

3.12
പുസ്‌തകങ്ങളിൽ നിന്നുള്ള അറിവ് മാത്രം നേടിയ ഒരുവന് ആ അറിവ് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനാവില്ല. തന്‍റെ സമ്പത്ത് മറ്റുള്ളവരുടെ കൈയ്യിൽ അകപ്പെട്ടവര്‍ക്ക് ആ സമ്പത്തും ആവശ്യമുള്ള ഘട്ടത്തില്‍ ഗുണപ്പെടില്ല.

3.13
സത്ഗുണങ്ങള്‍ നേടാനും സൽകർമ്മങ്ങൾ ചെയ്യാനും പരിശ്രമിക്കുന്നവന്‍റേതാണ് യഥാര്‍ത്ഥ ജീവിതം.സത് ഗുണങ്ങളില്ലാത്തവന്‍റെയും സൽകർമ്മങ്ങള്‍ ചെയ്യാത്തവന്‍റേയും ജീവിതം വ്യർത്ഥമാണ്.

3.14
സീതയെ വിഷമത്തിലാക്കിയത് അവരുടെ സൗന്ദര്യമായിരുന്നു, രാവണന് ദോഷമായത് അമിതമായ അഹങ്കാരമായിരുന്നു, ബലിക്ക് ദോഷമായത് അമിതമായ ഔദാര്യമായിരുന്നു. അമിതമാകുന്ന എന്തും ഒരുവനെ ദോഷകരമായി ബാധിക്കും.

3.15
നല്ല പ്രവര്‍ത്തികളാണ് ഫലം കൊണ്ടുവരുക. ബുദ്ധിമാന്മാര്‍ മുന്‍കാല അനുഭവങ്ങളെ പിന്‍തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ രൂപപ്പെടുത്തുക. വിവേകവും മഹത്വവും ഉള്ളവര്‍ നന്നായി ആലോചിച്ചതിനുശേഷമേ പ്രവർത്തികള്‍ ആരംഭിക്കൂ.

3.16
നിങ്ങള്‍ വ്യാപരിക്കുന്ന ലോകത്തിന്‍റെ നിയന്ത്രണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ മനസിനെ വഴിതെറ്റിക്കുന്ന പതിനഞ്ച് കാര്യങ്ങളില്‍ നിയന്ത്രണ ശക്തി നേടണം.അഞ്ച് ഇന്ദ്രിയങ്ങൾ, അതിന് കാരണമാകുന്ന അഞ്ച് വസ്തുക്കള്‍,അഞ്ച് പ്രവർത്തന അവയവങ്ങൾ എന്നിവയാണവ.
(കണ്ണും കാതും മൂക്കും നാക്കും ത്വക്കുമാണ് അഞ്ച് ഇന്ദ്രിയങ്ങള്‍.ഇന്ദ്രിയവസ്തുക്കള്‍ കാഴ്ചയും ശബ്ദവും മണവും രുചിയും സ്പര്‍ശനവുമാണ്.പ്രവര്‍ത്തന അവയവങ്ങള്‍ കൈകളും കാലുകളും വായും ലൈംഗികാവയവങ്ങളും വിസര്‍ജ്ജനാവയവങ്ങളുമാണ്)

3.17
ശരിയായ സമയം, ശരിയായ സുഹൃത്തുക്കൾ, ശരിയായ സ്ഥലം, ശരിയായ വരുമാന മാർഗ്ഗം, ശരിയായ ചിലവഴിക്കലും സമ്പാദ്യവും, ഇവയാകണം നിങ്ങളുടെ യഥാർത്ഥ ശക്തി

3.18
സംസാര ശുദ്ധി, ശുദ്ധമനസ്സ്, ശുദ്ധമായ ഇന്ദ്രിയങ്ങൾ, കരുണയുള്ള ഹൃദയം എന്നിവയാണ് ഒരാളെ ദൈവികതയിലേക്ക് ഉയര്‍ത്തുന്ന ഗുണങ്ങൾ

3.19
അശ്രദ്ധമായി പണവും സമയവും ചെലവഴിക്കുന്നവന്‍, വീടില്ലാത്ത കുട്ടി,നിരന്തരം വഴക്കടിക്കുന്നവന്‍, ഭാര്യയെ അവഗണിക്കുന്നവന്‍, പ്രവൃത്തികളിൽ അശ്രദ്ധ കാണിക്കുന്നവന്‍,ഇവരെല്ലാം നാശത്തിലേക്കാണ് നീങ്ങുക എന്നുറപ്പ്.

3.20
അന്ധന് മുഖം നോക്കുന്ന കണ്ണാടികൊണ്ടുള്ള ഉപയോഗം മാത്രമെ ബുദ്ധി ഉപയോഗിക്കാത്ത മനുഷ്യന് പുസ്തകങ്ങൾ കൊണ്ടും ലഭിക്കുകയുള്ളു.