മുജാഹിദ് സംസ്ഥാന സമ്മേളനം, ഖുർആൻ സമ്പൂർണ പഠന സീരീസ് നാളെ തുടങ്ങും

Malappuram

മലപ്പുറം : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശ വുമായി ഈ മാസം 15, 16, 17, 18 തിയ്യതികളിൽ കരിപ്പൂർ വെളിച്ചം നഗറിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഖുർആൻ സമ്പൂർണ പഠന പരമ്പര ഫെബ്ര: 4 ഞായർ തുടക്കമാവും.

വിശുദ്ധ ഖുർആനിൻ്റെ 30 ജുസുഉകളിലെ മുപ്പത് വിഷയങ്ങളെ ആസ്പദമാക്കി 30 മണിക്കൂറുകളിലായാണ് പഠന സീരീസ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസവും വൈകീട്ട് 4.30, 5.30, 6.45 എന്നിങ്ങനെ മൂന്നു സെഷനുകളായി പത്ത് ദിവസമാണ് പഠന സീരീസ് നടക്കുക.ആകെ അറുപത് പണ്ഡിത പ്രഭാഷകർ പഠന സീരീസിന് നേതൃത്വം നല്കും.

പ്രത്യേക ക്ഷണിതാക്കളായ അഞ്ഞൂറോളം പഠിതാക്കൾ ദിവസവും പങ്കെടുക്കും.
സ്ത്രീകൾക്കും പരിപാടി വീക്ഷിക്കാൻ സൗകര്യമുണ്ടാകും.

ഞായർ വൈകീട്ട് 4.30 ന് കെ. എൻ. എം മർകസുദ്ദ അവ ജന : സെക്രട്ടറി സി.പി. ഉമർ സുല്ലമി ഖുർആൻ പഠന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കേരള ജംഇയ്യതുൽ ഉലമ ജന:സെക്രട്ടറി ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തും. എം. അഹമ്മദ് കുട്ടി മദനി, നൗഷാദ് കാക്കവയൽ പ്രസംഗിക്കും