ബി ജെ പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് ആര്‍ ജെ ഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ്

Articles

ബീഹാര്‍ കത്ത്: ഡോ.കൈപ്പാറേടന്‍

2024 മേയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി ജെ പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനുറച്ച് ആര്‍ ജെ ഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ്.

BJP യോടൊപ്പം ദീര്‍ഘകാലമായി നിലകൊണ്ടിരുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്ന തുറുപ്പു ഗുലാനെ NDA യില്‍ നിന്ന് അടര്‍ത്തിയെടുത്തതിനും മഹാസഖ്യത്തിലെത്തിച്ചതിനും കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളുമായി കൈ കൊടുപ്പിച്ചതിനും പിന്നില്‍ ഈ പഴയ JP ശിഷ്യന്റെ നയചാതുര്യമാണെന്നതില്‍ സംശയമില്ല. അടുത്തിടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലാലുജി ഏറെ നാളുകള്‍ക്ക് ശേഷം വെള്ളിയാഴ്ച പട്‌നയിലെത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്തിടെ കൊല്‍ക്കത്തയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവിനെയും കണ്ടപ്പോള്‍ പട്‌നയില്‍ ലാലുപ്രസാദിന്റെ സാന്നിദ്ധ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയസമ്മേളനം വിളിച്ചു കൂട്ടാനാണ് നിര്‍ദ്ദേശിച്ചത്.

പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടന്നാല്‍ പൊതുവേദിയില്‍ ലാലുജി വന്നില്ലെങ്കിലും, തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും എല്ലാ നേതാക്കളേയും ഒരു വേദിയില്‍ കൊണ്ടുവരുന്നതിലും പ്രധാന പങ്ക് വഹിക്കാന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ലാലുജിക്കു കഴിയുമെന്നായിരുന്നു മമതയുടെ പ്രതികരണം.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ വ്യാഴാഴ്ച ദില്ലിയിലെത്തി ലാലുജിയുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രീയ വിശകലനം നടത്തിയിരുന്നു. പ്രതിപക്ഷ ഏകോപനത്തിനായി കോണ്‍ഗ്രസ്സ് നേതൃത്വവുമായും ഇടതു പാര്‍ട്ടികളുമായുമുള്ള ഏകോപനം നടത്തുന്നത് ലാലു യാദവാണ്. NDA യില്‍നിന്നും നിതീഷ് കുമാറിനെ ഓര്‍ക്കാപ്പുറത്തു ചുവടു മാറ്റിയെടുത്ത ലാലു യാദവിന്റെ പൂഴി കടകന്‍ തന്ത്രം BJP നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. സത്യത്തില്‍ പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ക്ക് ജീവന്‍ വെച്ചതുതന്നെ ലാലു യാദവിന്റെ ചടുലമായ ഈ കരുനീക്കത്തിനു ശേഷമാണ്.

പ്രതിപക്ഷ ഐക്യരൂപീകരണത്തിന് ലാലു യാദവിന്റെ കൃത്യതയോടെയുള്ള നീക്കങ്ങളും അദ്ദേഹം നടത്തുന്ന അളന്നുതൂക്കിയുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും BJP നേതൃത്വം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

പ്രധാനമന്ത്രിപദത്തിന് അവകാശവാദം ഉന്നയിക്കുന്നതില്‍നിന്നും പിന്‍മാറേണ്ടതിന്റെ ആവിശ്യകത കോണ്‍ഗ്രസ്സിനെയും രാഹുലിനേയും ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ഒന്നാം ഘട്ടത്തില്‍ ലാലു യാദവ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആ ദൗത്യം വിജയിച്ചതോടെയാണ് രണ്ടാം ഘട്ടത്തില്‍ നിതീഷ് കുമാറുമായി ലാലു യാദവ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

മേയ് 10നു നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു കൂട്ടുമെന്ന് RJD നേതൃത്വം സൂചന നല്‍കിക്കഴിഞ്ഞു. പാറ്റ്‌നയില്‍ എത്തിയതു മുതല്‍ പാര്‍ട്ടി ഭേദമന്യെ നിരവധി നേതാക്കള്‍ പ്രത്യേകിച്ചും മുസ്ലീം സമുദായ നേതാക്കള്‍ ലാലു യാദവിനെ നിരന്തരം സന്ദര്‍ശിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി നിതീഷ് കുമാറും ലാലുജിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നു.

അതേസമയം, യാദവര്‍ക്കു പുറമേ എല്ലാ ജാതിയില്‍പ്പെട്ട ആളുകളെയും ഞഖഉ യിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലാലു യാദവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജാതികളില്‍ പെട്ട നേതാക്കളുടെ ജന്മദിനവും ചരമവാര്‍ഷികവും വിപുലമായി ആചരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

നോമ്പ് കാലത്ത് സംസ്ഥാന വ്യാപകമായി RJD ഇഫ്താര്‍ പാര്‍ട്ടികള്‍ നടത്തിയിരുന്നു. നിയോജകമണ്ഡലം തലങ്ങളില്‍ ‘അംബേദ്കര്‍ ചര്‍ച്ചകള്‍’ സംഘടിപ്പിച്ചു വരികയാണ് പാര്‍ട്ടിയിപ്പോള്‍. ഞായറാഴ്ച പാറ്റ്‌നയിലെ പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി ഓഫീസില്‍ ഭാമ ഷായുടെ ജന്മദിന ആഘോഷം സംഘടിപ്പിച്ചിരുന്നു. സാധാരണ നിലയില്‍ നടത്തേണ്ട പരിശോധനകള്‍ക്കായി അദ്ദേഹം മെയ് രണ്ടാം വാരത്തില്‍ സിംഗപ്പൂരിലേക്ക് പോകുമെങ്കിലും ഒരാഴ്ചക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.