സി ഐ ഇ ആർ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Kozhikode

കോഴിക്കോട്: പാഠ്യ-പാഠ്യനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കായി കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആദ്യമായി ഏര്‍പ്പെടുത്തിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു.

സലഫി സെക്കന്‍ഡറി മദ്‌റസ ചെറുവാടി കോഴിക്കോട് സൗത്ത് ജില്ല , ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ശ്രീമൂലനഗരം എറണാകുളം ജില്ല, മദ്‌റസത്തുല്‍ ഹുദാ കുഴിപ്പുറം മലപ്പുറം വെസ്റ്റ് ജില്ല എന്നീ മൂന്ന് സ്ഥാപനങ്ങളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

2023-24 അധ്യയന വര്‍ഷത്തില്‍ മദ്‌റസ തലത്തില്‍ നടപ്പിലാക്കിയ ഇരുപതോളം പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും പാഠ്യ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തിയാണ് എക്‌സലന്‍സ് അവാര്‍ഡിന് ജേതാക്കളെ തെരഞ്ഞെടുത്തത്.

ധാര്‍മിക വിദ്യാഭ്യാസ പദ്ധതിയെ ജീവസുറ്റതും അനുഭവപൂര്‍ണ്ണവും ആക്കി മാറ്റുന്നതിനായി ഓരോ വര്‍ഷവും സി ഐ ഇ ആര്‍ മദ്‌റസ തലത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പിലാക്കി വരികയാണ്. പ്രകൃതി ബോധന പരിപാടികള്‍, രക്ഷാകര്‍തൃ ഉദ്‌ബോധന സദസ്സുകള്‍, കായിക മത്സരങ്ങള്‍, കുട്ടികളിലെ രചന വൈഭവം വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍, കലാവൈഭവം പരിശീലിപ്പിക്കപ്പെടുന്ന പദ്ധതികള്‍, ജീവിത നൈപുണി വികസനത്തിനായുള്ള പരിശീലന ക്ലാസുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ അധ്യയനത്തിന്റെ ഭാഗമാക്കി സക്രിയമായ വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച സ്ഥാപനങ്ങളെയാണ് അവാര്‍ഡിനായി
തെരഞ്ഞെടുത്തത്.

അവാര്‍ഡിന് അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് 2024 ഫെബ്രുവരി 14 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.