വിദ്യാര്‍ഥികള്‍ക്കുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എം ജി സര്‍വകലാശാലാ ബജറ്റ്

Kottayam

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോട്ടയം: പഠന സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള സേവനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നതിന് പ്രാധാന്യം നല്‍കി മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധനകാര്യ ഉപസമിതി കണ്‍വീനര്‍ ഡോ. ബിജു തോമസാണ് 664.66 കോടി രൂപ വരവും 729.52 കോടി രൂപ ചിലവും 64.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.

സര്‍വകലാശാലയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് ചിലവ് ചുരുക്കലിന് ശുപാര്‍ശ ചെയ്യുന്ന ബജറ്റ് 23 24 വര്‍ഷം സാമ്പത്തിക അച്ചടക്കത്തിന്റെ കാലഘട്ടമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം ലഭ്യമാക്കുന്ന എക്‌സ്പ്രസ് ഡെലിവറി സംവിധാനം, ഗവേഷണ ഫലങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതി, നൈപുണ്യ പരിപോഷണം, വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഫര്‍മേഷന്‍ ബുക്ക് എന്നിവയ്ക്കായി ആകെ 45 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിരിക്കുന്നത്.

സര്‍വകലാശാലാ കാമ്പസിനെയും അഫിലിയേറ്റഡ് കോളെജ് കാമ്പസുകളെയും കാര്‍ബണ്‍ ന്യൂട്രല്‍ നിലവാരത്തിലെത്തിക്കുന്നതിനുള്ള വിപുല പദ്ധതിയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായിരുന്ന ഡോ. എ ടി ദേവസ്യയോടുള്ള ആദര സൂചകമായി ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ പേരില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജൈവ വൈവിധ്യ പര്‍ക്ക് സ്ഥാപിക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്കായി പത്തു ലക്ഷം രൂപയാണ് ചിലവിടുക.

ഡിഗ്രി സര്‍ട്ടിഫിക്കറ്റും മറ്റ് സര്‍ട്ടിഫിക്കറ്റുകളും അധിക ഫീസ് ചുമത്തി അപേക്ഷിക്കുന്ന ദിവസം തന്നെ ലഭ്യമാക്കുന്നതിനായാണ് എക്‌സ്പ്രസ്സ് ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതിനായി പ്രത്യേക ഗ്രീന്‍ ചാനല്‍ ക്രമീകരിക്കും. ഈ പദ്ധതിക്കായി പത്തു ലക്ഷം രൂപ ചിലവിടും. വ്യാവസായിക രംഗത്ത് മുതല്‍ക്കൂട്ടാവുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുകയും നേതൃപാടവം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് എം ജി യു ഇന്നൊവേഷന്‍ ഹബ് വഴി സംരംഭം ആരംഭിക്കുന്നതിനുള്ള ഭൗതിക സൗകര്യം ഏര്‍പ്പെടുത്തുകയും ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും. പ്രഫ. ജോസഫ് മുണ്ടശേരിയുടെ പേരു നല്‍കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കായി പത്തു ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ നൈപുണ്യ പരിപോഷണത്തിനുള്ള പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ ചിലവിടും. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ വിവിധ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുക്ക് പ്രവേശന വേളയില്‍തന്നെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ചു ലക്ഷം രൂപ ചിലവിടും.

ഇംപാക്ട് ഫാക്ടര്‍ അഞ്ചിനു മുകളിലുള്ള അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്ന സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളുടെ 10 ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഭാരതരത്‌ന പ്രൊഫ. സി എന്‍ ആര്‍ റാവുവിന്റെ പേരില്‍ പതിനായിരം രൂപ വീതം ഇന്‍സെന്റീവും സര്‍ട്ടിഫിക്കറ്റും നല്‍കും.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്ന് പ്രോ വൈസ് ചാന്‍സലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനധ്യാപക ജീവനക്കാരുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി രണ്ടു കോടി രൂപയും അധ്യപകരുടെ ക്വാര്‍ട്ടേഴ്‌സിനായി ഒരു കോടി രൂപയും കാമ്പസില്‍ പരിസ്ഥിതി സൗഹൃദ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അന്‍പത് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

സര്‍വകലാശാലാ കാമ്പസിലേക്കുള്ള പ്രധാന ഗേറ്റിന്റെയും കവാടത്തിന്റെയും നവീകരണം നടത്തി കവാടത്തിനു സമീപം ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച് മഹാത്മാ ഗേറ്റ് എന്ന് നാമാകരണം ചെയ്യും. ഇതിനായി അന്‍പതു ലക്ഷം രൂപ ചിലവിടും. സമ്പൂര്‍ണ സൗരോര്‍ജ്ജ കാമ്പസ് പദ്ധതിക്ക് അഞ്ചു കോടി രൂപയും പ്രൊഫ. നരേന്ദ്രപ്രസാദ് സ്മാരക ഇ കോണ്‍ഫറന്‍സ് കം മള്‍ട്ടിപര്‍പ്പസ് ഹാളിനും ഡാറ്റാ സെന്റര്‍ നവീകരണത്തിനും ഓരോ കോടി രൂപ വീതവും വകയിരുത്തി. സര്‍വകലാശാല അസംബ്ലി ഹാള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മള്‍ട്ടിപര്‍പ്പസ് ഹാളായി നവീകരിക്കുന്നതിനും തെരഞ്ഞെടുത്ത പഠന വകുപ്പുകളില്‍ ഗസ്റ്റ് റൂം സൗകര്യം ഏര്‍പ്പെടുത്തുന്നതിനും പരീക്ഷാ വിഭാഗത്തിലെ അഞ്ചാം നില പരീക്ഷാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ വിധത്തില്‍ നവീകരിക്കുന്നതിനും പുതിയ ഗസ്റ്റ് ഹൗസിന്റെ നിര്‍മാണത്തിനും രണ്ടു കോടി രൂപ വീതവും മാറ്റിവച്ചിരിക്കുന്നു. നിലവിലെ ഗസ്റ്റ് ഹൗസിന്റെ അടിയന്തിര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപ വീതം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പരീക്ഷാ വിഭാഗത്തിലെ വനിതാ ജീവനക്കാര്‍ക്കായി റിട്ടയറിംഗ് റൂം സജ്ജീകരിക്കുകയും പരീക്ഷാ ഭവനു സമീപത്ത് ഇന്‍സിനറേറ്റര്‍ സജ്ജമാക്കുകയും ചെയ്യും. ഇതിന് ഒരു കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഹെല്‍ത്ത് സെന്ററിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പത്ത് ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് നിശ്ചിത ഇടവേളയില്‍ കായികക്ഷമതാ പരിശോധന നടത്തി ഫിറ്റ്‌നെസ്സ് കാര്‍ഡ് നല്‍കല്‍, സര്‍വകലാശാലാ മൈതാനത്തിനു സമീപത്തുകൂടി കടന്നു പോവുന്ന റോഡിന് ഒളിമ്പ്യന്‍ ഷൈനി വില്‍സന്റെ പേരില്‍ കവാടം, പ്രധാന കെട്ടിടങ്ങളില്‍ കുടിവെള്ള ഡിസ്‌പെന്‍സറുകള്‍, പ്രധാന കവാടത്തില്‍ എല്‍ ഇ ഡി ബോര്‍ഡ്, കാമ്പസ് അനൗണ്‍സ്‌മെന്റ് സംവിധാനം, പഞ്ചിംഗ് സംവിധാനത്തിന്റ് പരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ നിയമനത്തിനായി സ്ഥിരം റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ എന്നിവയ്ക്കായി പത്തു ലക്ഷം രൂപ വീതം ചിലവിടും.

സര്‍വകലാശാലാ ലൈബ്രറിയില്‍ 24 മണിക്കൂര്‍ റീഡിംഗ് റൂം സൗകര്യവും കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കായി 24 മണിക്കൂര്‍ മെഡിക്കല്‍ സൗകര്യവും ഉറപ്പാക്കും. സര്‍വകലാശാലാ ഐ ടി വിഭാഗത്തില്‍ വേതന രഹിത ഇന്റേര്‍ണ്‍ഷിപ് പ്രോഗ്രാം നടപ്പിലാക്കും. യോഗ്യരായ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ആറു മാസവും ഒരു വര്‍ഷവും ദൈര്‍ഘ്യമുള്ള ഇന്റേണ്‍ ഷിപ്പുകള്‍ക്ക് അവസരമൊരുക്കും.

യുനോയ 2023 അക്കാദമിക് കാര്‍ണിവലിന്റെ രണ്ടാം പതിപ്പായി യുനോയ 2.0 സംഘടിപ്പിക്കും. സര്‍വകലാശാലയിലെ സ്ഥലവും ഭൗതികസാഹചര്യങ്ങളും ശാസ്ത്രീയമായി പരിശോധിക്കുന്നതിനും ഉപയോഗ യോഗ്യമാക്കുന്നതിനുമായി സ്‌പേസ് ഓഡിറ്റ് നടത്തും. അഫിലിയേറ്റഡ് കോളേജുകള്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളെ സംബന്ധിച്ച അക്കാദമിക് റിപ്പോസിറ്ററി രൂപീകരിക്കും.

സര്‍ക്കാര്‍ ധനസഹായത്തോടെ രാജ്യാന്തര സ്‌പോര്‍ട്‌സ് ഹബ്, സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, കായിക വികസനം ലക്ഷ്യമിട്ട് ഡയക്ടറേറ്റ് ഓഫ് ഫിസിക്കല്‍ എജ്ജ്യൂക്കേഷന്‍, ലഹരിമുക്ത കാമ്പസ്, സര്‍വകലാശാലാ വജിലന്‍സ് സംവിധാനം, ഗവേഷണ ഫലങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് ബിസിനസ് ഇന്‍ ക്യുബേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ കേന്ദ്രത്തിന്റ് ആഭിമുഖ്യത്തില്‍ വിജ്ഞാന ശ്രംഘല, ഡിജിറ്റല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, സേവനാവകാശ രേഖ എന്നിവയും ബജറ്റ് വിഭാവനം ചെയ്യുന്നു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജോബ് മൈക്കിള്‍ എം എല്‍ എ, ഡോ. ബിജു തോമസ്, പി ഹരികൃഷ്ണന്‍, അഡ്വ. റെജി സക്കറിയ, സര്‍വകലാശാലാ ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *