ഹരിത പൂപ്പൊലിക്കായി ഒരുങ്ങി അമ്പലവയല്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: പൂപ്പൊലി നഗരിയെ മാലിന്യമുക്തമാക്കാന്‍ സജ്ജരായി ഗ്രീന്‍ വൊളണ്ടിയേഴ്‌സ്. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സ്വയം സഹായ സംഘവുമാണ് ഹരിത പൂപ്പൊലിക്കായി ചുക്കാന്‍ പിടിക്കുന്നത്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണ പൂപ്പൊലി സംഘടിപ്പിക്കുന്നത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ സംയുക്തമായാണ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മാലിന്യമുക്ത പൂപ്പൊലി നഗരത്തിനായി പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിദത്ത ബദല്‍ ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. തെങ്ങോലകൊണ്ടും മുളകൊണ്ടും നിര്‍മ്മിച്ച ബാനറുകള്‍, ചവറ്റുകുട്ടകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതിനെതിരെ കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സൂചനാ ബോര്‍ഡുകളും വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

പൂപ്പലിയുടെ ഭാഗമായി ഉണ്ടാകാന്‍ സാധ്യതയുള്ള ജൈവമാലിന്യങ്ങള്‍ ഫാമില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെ എം.സി.എഫിലേക്ക് മാറ്റുകയും ചെയ്യും. ജൈവ മാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങള്‍ എന്നിവ പ്രത്യേകം കൈകാര്യം ചെയ്യാന്‍ പിറ്റ് കമ്പോസ്റ്റുകളും ചവറ്റുകൊട്ടകളും സ്ഥാപിച്ചിട്ടുണ്ട്.

പൂപ്പൊലിയുടെ നടത്തിപ്പിനായി നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ക്കും സ്റ്റാളുകള്‍ക്കും ഹരിത പെരുമാറ്റ ചട്ടങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പ്രത്യേകം നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ”മാലിന്യമുക്ത പൂപ്പൊലി” സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ മൈക്ക് അനൗണ്‍സമെന്റും നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *