കൽപ്പറ്റ: വിവാദ വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുസ്ലീങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വത്തുവകകളിലും കടന്നു കയറാനാണ് ശ്രമിക്കുന്നതെന്നും മതേതര സമൂഹം ബില്ലിനെതിരെ ശബ്ദിക്കണമെന്നും കെ എൻ എം മർക്കസുദ്ദവ ജില്ലാ സമിതി ആവശ്യപ്പെട്ടു .
നാല്പതിലധികം വരുന്ന ഭേദഗതികളെ കുറിച്ച് വഖഫിന്റെ അവകാശികളായ മുസ്ലിം ജനവിഭാഗത്തിന്റെ ആശങ്കകൾ അറിയിക്കാനുള്ള അവസരം സംയുക്ത പാർലമെൻററി സമിതിയിൽ പോലും നിഷേധിച്ചത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. ദൈവമാർഗത്തിൽ സ്വന്തം സ്വത്ത് ദാനം ചെയ്യാൻ നിശ്ചിതകാലം ഇസ്ലാം ആചരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള ഭേദഗതി നിർദ്ദേശങ്ങൾ ഭരണഘടനാ ലംഘനവും മുസ്ലിം വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും യോഗം വിലയിരുത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് ഖലീലുറഹ്മാൻ അധ്യക്ഷനായിരുന്നു . എൻ വി മൊയ്തീൻകുട്ടി മദനി, അബ്ദുസ്സലാം കെ , അമീർ അൻസാരി, ഇല്യാസ് ബത്തേരി, സമദ് പുൽപ്പള്ളി , അയ്യൂബ് പി കൽപ്പറ്റ , ഇക്ബാൽ എം പരിയാരം , ബഷീർ സ്വലാഹി , അഷ്റഫ് പുൽപ്പള്ളി എന്നിവർ പ്രസംഗിച്ചു.