നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
ഇന്ത്യന്‍ രാഷ്ടീയത്തില്‍ കൃത്യമായ നിലപാടുള്ള ഒരു ജനകീയ സോഷ്യലിസ്റ്റ് നേതാവായിരുന്നു അന്തരിച്ച രാഷ്ട്രീയ ജനതാദള്‍ നേതാവ് ശരത് യാദവെന്ന് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്റുമായ മന്നാനം സുരേഷ് അനുസ്മരിച്ചു.
മധ്യപ്രദേശിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ 1947 ജൂലായ് ഒന്നിന് നന്ദ കിഷോര്‍ യാദവ്- സുമിത്രാ യാദവ് ദമ്പതികള്‍ക്ക് ജനിച്ച അദ്ദേഹം ഇലക്ടിക്കല്‍ എഞ്ചിനിയറിംഗില്‍ ഉന്നത വിജയം നേടി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ പൊതു രംഗത്തുണ്ടായിരുന്നതിനാല്‍ ഇരുപത്തി ഏഴാം വയസ്സില്‍ ആദ്യമായി ജബല്‍പൂരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. 1989 ല്‍ രേഖാ യാദവിനെ വിവാഹം ചെയ്ത അദ്ദേഹത്തിന് സുഭാഷിണി യാദവ്, ശന്തനു ബുന്ദേല എന്നീ രണ്ടു മക്കളാണുള്ളത്. ഡോ. രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് മതേതര ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യം മുഴുവന്‍ തൊഴിലില്ലായ്മക്കും പട്ടിണിക്കുമെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമരം നടക്കുന്ന കാലത്ത് ശരത് യാദവ് മുന്നണിപ്പോരാളിയായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് പാവപ്പെട്ടവര്‍ക്കും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും വേണ്ടി പടനയിച്ച വ്യക്തിത്വങ്ങളില്‍ പ്രധാന സോഷ്യലിസ്റ്റ് പ്രചാരകന്മാരില്‍ ഒരാളായിരുന്നു ശരത് എന്ന് മന്നാനം സുരേഷ് അനുസ്മരിച്ചു.
ജെ പി യാണ് ശരത് യാദവിനെ 1974ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. പാര്‍ലമെന്റിലെ മികച്ച പ്രസംഗികനും വാഗ്മിയുമായിരുന്നു അദ്ദേഹം. വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു ആ സോഷ്യലിസ്റ്റ്. വനിതകള്‍ക്ക് സീറ്റ് സംവരണം എന്ന ആശയം പാര്‍ലമെന്റില്‍ ഉയര്‍ന്നുവന്നപ്പോള്‍ പിന്നോക്കക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അവസരം നിഷേധിക്കാന്‍ അത് ഇടയാക്കുമെന്നും വനിതാസംവരണത്തിന് പകരം ആനുപാതികമായ വനിതാ സംവരണം നല്‍കി സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും വാദിച്ചു.
രാജീവ് ഗാന്ധി അമേത്തിയില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്ത് മത്സരിച്ചത് ശരത് യാദവായിരുന്നു. 1977, 1989, 1991, 1996, 1999 2009 എന്നിങ്ങനെ ഏഴുതവണ അദ്ദേഹം പാര്‍ലമെന്റിലേക്കും 1986, 2004, 2017 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ബാബരി മസ്ജിദ്-രാമജന്മഭൂമി വിഷയം ആളിക്കത്തിയ കാലത്ത് പാര്‍ലമെന്റില്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി അദ്ദേഹം വാദിച്ചു. മതത്തെ ഉപയോഗിച്ച് അധികാരം നേടാനുള്ള ബി ജെ പി യുടെ കുറുക്കുവഴിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചത് ഇന്നും പാര്‍ലമെന്റിലെ രേഖകളില്‍ നമുക്ക് കാണാന്‍ കഴിയും.
മഹാ സംഖ്യത്തിന്റെ പിന്തുണയില്‍ അധികാരത്തില്‍ വന്ന നിതീഷ്‌കുമാര്‍ ബി ജെ പി സംഖ്യത്തിലേക്ക് കൂറുമാറിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് ആ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുത്തിയ മതേതര വാദിയായ നേതാവായിരുന്നു ശരത് യാദവ്. ലോക് ദള്‍, ജനതാ ദള്‍ എന്നീ പാര്‍ട്ടികളില്‍ നിരവധി വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം ഈ അടുത്ത കാലത്ത് സോഷ്യലിസ്റ്റ് മതേരതര നിലപാടില്‍ ഉറച്ചു നില്ക്കുന്ന രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ ആദര്‍ശ നിലപാട് ഒരിക്കല്‍ കൂടി തെളിയിക്കുകയുണ്ടായി.
2022 ഒക്ടോബറില്‍ ഡല്‍ഹിയിലെ തല്‍കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന രാഷ്ട്രീയ ജനതാദള്‍ ദേശീയ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം യു ട്യൂബില്‍ കാണാന്‍ സാധിച്ചിരുന്നു. രോഗത്തിന്റെ അവശതയുണ്ടായിട്ടും വേദിയില്‍ വന്ന് അദ്ദേഹം നടത്തിയ പ്രസംഗം ജനാധിപത്യത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലും നിലകൊള്ളുന്നവര്‍ക്ക് എന്നും ആവേശം നല്‍കുന്നതാണെന്ന് മന്നാനം സുരേഷ് ഓര്‍മ്മിച്ചു.