പ്രായമാകുന്നതോടെ മനുഷ്യനിൽ സ്നേഹവും കരുണ്യവുമുണ്ടാവും, എന്നാൽ ദുഷ്ടന്മാർ കാട്ടുവേൽപഴം പോലെയാണ്. പഴുത്താലും അതിന്‍റെ പുളിപ്പ് മാറില്ല

Articles

ചാണക്യ നീതി /വി ആർഅജിത് കുമാര്‍

കുട്ടികളില്ലാത്ത കുടുംബത്തില്‍ ശൂന്യത അനുഭവപ്പെടും. ബന്ധുക്കൾ ഇല്ലാത്ത വീടുകളും നിരര്‍ത്ഥകമാണ്.മൂഢന്‍റെ മനസ്സും ശൂന്യമാണ്. ദരിദ്രനെ സംബ്ബന്ധിച്ച് ജീവിതം എല്ലാ അര്‍ത്ഥത്തിലും ശൂന്യമാകുന്നു.

7.12
ഇലന്ത ചെടിയുടെ ഓരോ മുള്ളും വ്യത്യസ്തമാകുന്നപോലെ ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഒരേ ഗർഭപാത്രത്തിൽ ഒരേ നക്ഷത്രരാശിയില്‍ ജനിച്ചവരാണെങ്കിലും രണ്ട് വ്യക്തികളുടെ സ്വഭാവം ഒരിക്കലും ഒരുപോലെയാവില്ല.

7.13
പൊതുവെ മനുഷ്യര്‍ പ്രായമാകുന്നതോടെ പക്വത വരുകയും കാരുണ്യവും സ്നേഹവും സഹതാപവുമൊക്കെ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ദുഷ്ടന്മാരായ മനുഷ്യര്‍ വലിയകാട്ടുവേല്‍ പഴം പോലെയാണ്. കാട്ടുവേല്‍പഴം പഴുത്താലും അതിന്‍റെ പുളിപ്പ് മാറില്ല. ദുഷ്ടന്മാരിലെ ഹീനസ്വഭാവവും അത്തരത്തിലാണ്. എത്ര പ്രായമായാലും അത് മാറില്ല.

7.14
മരുന്നുകളില്‍ ഏറ്റവും ഉത്തമം അമൃതാണ്. ഏറ്റവും ആനന്ദം നല്‍കുന്നത് മികച്ച ഭക്ഷണമാണ്.ഇന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനം കണ്ണുകളാണ്. ശരീരഭാഗങ്ങളില്‍ അത്യുന്നതമായത് തലയാണ്.

7.15
ചോളത്തേക്കാൾ പതിന്മടങ്ങ് പോഷകഗുണമുള്ളതാണ് ധാന്യമാവ്, പക്ഷേ പാൽ മാവിനേക്കാൾ പതിന്മടങ്ങ് നല്ലതാണ്. ഉഴുന്ന് പാലിനേക്കാൾ പത്തിരട്ടി ഗുണം ചെയ്യും.എന്നാല്‍ നെയ്യ് ഉഴുന്നിനേക്കാള്‍ പതിന്മടങ്ങ് മികച്ചതാണ്.

7.16
വേവിക്കാത്ത പച്ചക്കറികളിൽ നിന്നാണ് രോഗങ്ങൾ പടരുന്നത്. ശരീരം വളരാന്‍ പാൽ കുടിക്കണം. പുരുഷത്വം വികസിക്കാന്‍ നെയ്യ് കഴിക്കണം. മാംസഭക്ഷണം ശക്തി വളര്‍ത്തും.

7.17
ബലഹീനർ സന്യാസിയായി മാറുന്നു, ദരിദ്രർ ബ്രഹ്മചാരിയായി തുടരുന്നു, കഷ്ടതയനുഭവിക്കുന്നവൻ ഭക്തനായി മാറുന്നു, വൃദ്ധ ഭര്‍ത്താവിനോട് കൂറുള്ളവളായി തുടരുന്നു

7.18
സ്വയം അറിഞ്ഞവന് സ്വര്‍ഗ്ഗം നിസ്സാരമാണ്. ധൈര്യശാലികൾക്ക് ജീവിതം നിസ്സാരമാണ്. ഇന്ദ്രിയങ്ങളെ കീഴടക്കിയവർക്ക് സ്ത്രീകള്‍ നിസ്സാരമാണ്, ജീവിത സുഖങ്ങളില്‍ താൽപ്പര്യമില്ലാത്തവർക്ക് ലോകം തന്നെ നിസ്സാരമാണ്

7.19
രാജാവ് സദ്ഗുണമുള്ളവനാണെങ്കിൽ പ്രജകളും സദാചാരികളായിരിക്കും. രാജാവ് അധര്‍മ്മിയാണെങ്കിൽ പ്രജകളും അധര്‍മ്മികളാകും. രാജാവ് സാധാരണ നിലവാരത്തിലുള്ള വ്യക്തിയാണെങ്കില്‍ പ്രജകളും അത്തരത്തിലുള്ളവരാകും. പ്രജകൾ രാജാവിനെയാണ് പിന്‍തുടരുക. രാജാവ് എങ്ങിനെയാണോ അത്തരത്തിലാകും പ്രജകളും.

7.20
നിരന്തരമായ യാത്രകൾ മനുഷ്യനെ തളർത്തും. എപ്പോഴും കെട്ടിയിട്ടാൽ കുതിരകൾ ക്ഷീണിക്കും. ഭർത്താവ് ഒപ്പമില്ലാത്തപ്പോൾ ഒരു സ്ത്രീക്ക് പെട്ടെന്ന് പ്രായമാകും. കൂടുതൽ നേരം വെയിലത്തിട്ടിരുന്നാല്‍ വസ്ത്രങ്ങൾ നിറംമങ്ങി പഴയതാകും

7.21
ചുരയ്ക്ക മനസ്സിനെ ക്ഷീണിപ്പിക്കും.വയമ്പ് അതിനെ തൽക്ഷണം ശക്തിപ്പെടുത്തും. ഒരു സ്ത്രീ പുരുഷന്‍റെ വീര്യത്തെ ദുർബലപ്പെടുത്തും, പക്ഷേ പാൽ കുടിക്കുന്നതോടെ വീര്യം വേഗത്തിൽ വീണ്ടെടുക്കാം.

7.22
താമരപ്പൂവിന്‍റെ മൃദുവായ ഇതളുകളിൽ കിടന്ന് മധുരമുള്ള തേന്‍ ധാരാളമായി കുടിച്ചുവന്ന തേനീച്ച താമരകളില്ലാത്ത അന്യനാട്ടിലെ കുടകപ്പാലയില്‍ നിന്നും തേന്‍ കുടിക്കുന്നു, അന്യനാട്ടിലെത്തിയാല്‍ അവിടെ ലഭ്യമാകുന്നതില്‍ നമ്മള്‍ സംതൃപ്തി കണ്ടെത്തണം.

7.23
ചാരം പിച്ചളപാത്രങ്ങളെ വൃത്തിയാക്കുന്നു, ആസിഡ് ചെമ്പ് പാത്രങ്ങളെ വൃത്തിയാക്കുന്നു. ആര്‍ത്തവം സ്ത്രീയെ ശുദ്ധീകരിക്കുന്നു, ഒഴുകുന്ന ജലം നദിയെ വൃത്തിയാക്കുന്നു.