സന്നദ്ധ സേവനം ഇവരുടെ ജീവിത മനോഭാവമാണ്

Malappuram

സന്നദ്ധ സേവനം ജീവിത മനോഭാവമാക്കിയ, ചുമതലാബോധവും പ്രതികരണശേഷിയുമുള്ള യുവതി യുവാക്കളുടെ കൂട്ടായ്മയുടേ പേരാണ് യൂനിറ്റി. സേവനം ആവശ്യമായി വരുന്നത് എവിടെയാണെങ്കിലും അതിനായി ആരോഗ്യവും സമയവും നീക്കിവെച്ചവര്‍. ദുരന്ത മേഖലയിലായാലും സേവനങ്ങള്‍ ആവശ്യമുള്ള മറ്റിടങ്ങളിലായാലും ജീവകാരുണ്യ രംഗത്തായാലും സേവന സന്നദ്ധരായി ഇവരുണ്ടാകും. ഐ എസ് എമ്മിന്റെ നേതൃത്വത്തിലുള്ള യൂണിറ്റി പ്രവര്‍ത്തകരാണ് നീലക്കുപ്പായത്തില്‍ സന്നദ്ധ മേഖലയില്‍ നിശ്ശബ്ദരായി ഓളം തീര്‍ക്കുന്നത്.

പത്താം മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുന്ന കരിപ്പൂരിലെ വെളിച്ചം നഗറിലും യൂണിറ്റി അവിസ്മരണീയമായ പ്രവര്‍ത്തനളാണ് ഏറ്റെടുത്തിട്ടുള്ളത്. പരിശീലനം ലഭിച്ച മൂവായിരത്തോളം പ്രവര്‍ത്തകരാണ് സമ്മേളനത്തിനെത്തുന്ന ലക്ഷങ്ങള്‍ക്കായി സേവന സന്നദ്ധരായി രംഗത്തുള്ളത്. സമ്മേളന വേദിയിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇവര്‍ സദാ രംഗത്തുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വെയിലിലും മഞ്ഞിലും പൊടിപടലങ്ങളിലും മുഖം ചുളിക്കാതെ ഇവര്‍ സേവനരംഗത്തുണ്ട്. സേവന സന്നദ്ധതയോടെ നീലക്കുപ്പായമണിഞ്ഞ യൂണറ്റി പ്രവര്‍ത്തകരെ സമ്മേളന നഗരിയില്‍ എവിടേയും കാണാം.

സന്നദ്ധ പ്രവര്‍ത്തന രംഗത്ത് കരുത്തോടെ സാന്നിധ്യമാവുകയാണ് മൂവായിരത്തോളം വരുന്ന യുണിറ്റിയിലെ വനിതാ വളണ്ടിയര്‍മാര്‍. കൃത്യമായ മാര്‍ഗനിര്‍ദേശവും തയ്യാറെടുപ്പുകളുമായി അവര്‍ ദിവസവും രാവിലെ സമ്മേളിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യും. അപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ആരില്‍ നിന്നും പ്രത്യേക നിര്‍ദേശത്തിനു കാത്തുനില്‍ക്കാതെ സമ്മേളന നഗരിയില്‍ എവിടെയാണോ തങ്ങളുടെ സാന്നിധ്യം വേണ്ടത് അവിടെ വഴികാട്ടിയായി, കൈ പിടിച്ച് അവരുണ്ടാകും. ചുറ്റുമുള്ള മനുഷ്യരോടുള്ള അര്‍പ്പണ മനോഭാവവും അനുകമ്പയും സഹാനുഭൂതിയും കൈമുതലാക്കി അനിതരസാധാരണമായ കരുത്തു കാണിച്ചവര്‍.