പാര്‍സി, ജെയിന്‍, ബുദ്ധിസ്റ്റ് ആചാര്യന്‍മാര്‍ ഒരേസമയം മുജാഹിദ് സമ്മേളന വേദിയില്‍

Malappuram

എ വി ഫര്‍ദിസ്

വെളിച്ചം നഗര്‍ (കരിപ്പൂര്‍): പാര്‍സി, ജെയിന്‍, ബുദ്ധിസ്റ്റ് ആചാര്യന്‍മാര്‍ ഒരു വേദിയില്‍ ഒരേ സമയം അണി നിരക്കുന്നുവെന്നത് ഇന്ന് കരിപ്പൂരില്‍ തുടക്കം കുറിക്കുന്ന പത്താം മുജാഹിദ് സമ്മേളനത്തിലെ വേറിട്ട കാഴ്ചകളിലൊന്നാകും. സമ്മേളനങ്ങളില്‍ മത സൗഹാര്‍ദ സന്ദേശത്തിന്റെ ഭാഗമായി ഹിന്ദു- മുസ്ലിം – ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ സാന്നിധ്യം മാത്രമാണ് ഉണ്ടാവാറുള്ളത്. എന്നാല്‍, മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ മാത്രം കാണുന്ന ജെയിന്‍, പാര്‍സി, ബുദ്ധ വിഭാഗത്തില്‍ നിന്നുള്‍പ്പെടെ ഉളവരുടെ പ്രതിനിധികള്‍ കൂടി എത്തുന്നുവെന്നതാണ് കരിപ്പൂര്‍ സമ്മേളനത്തെ വ്യത്യസ്തമാക്കുന്നത്.

വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ ആണ് വിവിധ മത നേതാക്കള്‍ അതിഥികളായെത്തുന്നത്. പരോക്ഷ മാര്‍ഗ വിജ്ഞാന കേന്ദ്രം അധ്യക്ഷന്‍ ആത്മദാസ് യമി, കാലിക്കറ്റ് ബിഷപ്പ് ഹൗസ് ചാന്‍സലര്‍ ഫാദര്‍ സജീവ് വര്‍ഗീസ്, ജെയിന്‍ ടെമ്പിള്‍ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകന്‍ ആചാര്യ പവിത്രന്‍, കാലിക്കറ്റ് പാര്‍സി അന്‍ജൂമന്‍ പ്രസിഡന്റ് സുബിന്‍ മാര്‍ഷല്‍ എന്നിവരോടൊപ്പം പത്മശ്രീ ചെറുവയല്‍ രാമനും പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ 9.30ന് പ്രത്യേകം ക്ഷണിക്കപ്പെട്ട മത വിശ്വാസികളുടെ മൈത്രി സംഗമത്തിനും സമ്മേളനം വേദിയാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംഗമം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ.വിന്‍സെന്റ് ആലുക്കല്‍, പി സുരേന്ദ്രന്‍ എന്നിവരും സംബന്ധിക്കും. മദ്യനിരോധന സമിതി നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെ സമ്മേളനത്തില്‍ ആദരിക്കും.