അലസത അറിവിനെ നശിപ്പിക്കും, വിളവിറക്കാത്ത കൃഷിഭൂമി പാഴാകും

Articles

ചാണക്യനീതി /വി ആര്‍ അജിത് കുമാര്‍

മാംസാഹാരം കഴിക്കുന്നവരും മദ്യപാനികളും വിഡ്ഢികളും നിരക്ഷരരും മനുഷ്യരൂപത്തിലുള്ള മൃഗങ്ങളാണ്. ഇവര്‍ ഭൂമിയുടെ ഭാരം വർദ്ധിപ്പിക്കുന്നു.

9.22
ഒരു നീചനും പാമ്പിനും ഇടയിൽ, പാമ്പാണ് ഭേദം. കാരണം, പാമ്പ് പ്രകോപിതനാകുമ്പോഴേ കടിക്കുകയുള്ളു. എന്നാൽ നീചൻ എപ്പോള്‍ വേണമെങ്കിലും ഉപദ്രവിക്കാം.

9.23
അലസത അറിവിനെ നശിപ്പിക്കുന്നു.മറ്റുള്ളവരെ വിശ്വസിച്ച് ഏല്‍പ്പിക്കുന്നതോടെ ഒരാള്‍ക്ക് സ്വന്തം പണം നഷ്ടപ്പെടുന്നു. വിളവിറക്കാത്ത കൃഷിഭൂമി പാഴാകുന്നു, സൈന്യാധിപനില്ലാത്ത സൈന്യവും നശിക്കുന്നു.

9.24
നദീതീരത്തെ മരങ്ങൾ, അന്യപുരുഷന്‍റെ വീട്ടില്‍ താമസിക്കുന്ന സ്ത്രീ, ഉപദേശകരില്ലാത്ത രാജാവ് ഇതെല്ലാം നാശത്തിലേക്ക് പോകും എന്നതില്‍ സംശയമില്ല.

9.25
അഴിമതിക്കാരനായ ഒരു ഭരണാധികാരിയുടെ കീഴില്‍ ജനങ്ങൾക്ക് എങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും? ആത്മാർത്ഥതയില്ലാത്ത ഒരു സുഹൃത്തിനെ ഒരാള്‍ക്ക് എങ്ങനെ ആശ്രയിക്കാന്‍ കഴിയും? പൊരുത്തമില്ലാത്ത ഇണയുള്ള വീട്ടില്‍ എങ്ങനെ സന്തോഷമുണ്ടാകും? അച്ചടക്കമില്ലാത്ത ഒരു വിദ്യാർത്ഥിയെ പഠിപ്പിച്ചുകൊണ്ട് ഒരാൾക്ക് എങ്ങനെ മഹത്വം നേടാനാകും?

9.26
ഏയ് കുറുക്കാ, ദാനം ചെയ്യാത്ത കൈകളുള്ള, വിശുദ്ധ പ്രഭാഷണങ്ങളൊന്നും കേൾക്കാത്ത ചെവികളുള്ള, ഋഷിമാരെ ദർശിക്കാത്ത കണ്ണുകളുള്ള, തീർത്ഥാടനത്തിന് ഉപയോഗിക്കാത്ത പാദങ്ങളുള്ള, അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് വയറുനിറച്ച, ഇല്ലാത്ത കീര്‍ത്തിയുടെ പേരില്‍ തല ഉയര്‍ത്തി നിന്ന ഒരുവന്‍റെ ശരീരം നീ ഭക്ഷിക്കരുത്,ഭക്ഷിച്ചാല്‍ നീയും മലിനമാകും.

9.27
സമ്പത്ത് നേടുന്നതില്‍ ആർക്കാണ് അഭിമാനം തോന്നാത്തത്? ആരാണ് ദുരിതങ്ങൾ ഉണ്ടാകാത്ത മനുഷ്യര്‍? സ്ത്രീ ആരുടെ ഹൃദയം തകർത്തിട്ടില്ല? പരമാധികാരിക്ക് എപ്പോഴും പ്രിയപ്പെട്ടവൻ ആരാണ്? ആരാണ് മരണത്തിന് ഇരയാകാത്തത്? ഏത് ഭിക്ഷക്കാരനാണ് ബഹുമാനം നേടിയത്? മോശം കൂട്ടുകെട്ടില്‍ പെട്ടുപോയ ആരുണ്ട് നല്ലപാതയിലൂടെ കടന്നുപോയവരായി?

9.28
കുളവും കിണറും കായലും പൂന്തോട്ടവും പുണ്യസ്ഥലവും നശിപ്പിക്കുന്നത് നിസ്സംഗനായി നോക്കിനില്‍ക്കുന്ന ബ്രാഹ്മണൻ പ്രാകൃതനാണ്.

9.29
ഉണങ്ങിപ്പോയ മരം കാടിനെ മുഴുവൻ കത്തിക്കുന്നതുപോലെ, ദുഷ്ടനായ പുത്രനാൽ മുഴുവൻ കുടുംബത്തിനും ദുരിതം സംഭവിക്കുന്നു.