മുജാഹിദ് സമ്മേളന നഗരിയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ സംഗമം കൗതുകമായി

Malappuram

റമീസ് പാറാൽ

കരിപ്പൂർ: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുവാനായി കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ സംഗമം നവ്യാനുഭൂതിയായി. ആസ്സാം, ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ കേരളത്തിന് പുറത്തെ സംസ്ഥാനത്തുള്ളവരാണ് സമ്മേളനത്തോടനുബന്ധിച്ച് കേരള ഹജ്ജ് ഹൗസിൽ ഒത്തുചേർന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന പള്ളി, മദ്രസാ ജീവനക്കാർ, കൽപണിക്കാർ, ചുമട്ട് തൊഴിലാളികൾ, മേസ്തിരിമാർ, ആശാരിമാർ, ഹോട്ടൽ തൊഴിലാളികൾ തുടങ്ങിയ നൂറിലധികംപേരാണ് സംഗമത്തിൽ പങ്കെടുത്തത്. തങ്ങളുടെ പ്രദേശത്തെ ഇസ്ലാഹി പ്രബോധന പ്രവർത്തനത്തിന് പുത്തൻ രൂപവും ഭാവവും നൽകുന്നതിനുള്ള പുതുവഴികളെക്കുറിച്ച് സംഗമം സമഗ്രമായി ചർച്ച ചെയ്തു.

പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസിലാക്കി പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും കുട്ടികളെ സ്ക്കൂളിലേക്കയച്ച് വിദ്യാഭ്യാസം നേടാനും അതിലൂടെ മുന്നേറ്റമുണ്ടാക്കാനും സംഗമം ആഹ്വാനം ചെയ്തു.

പശ്ചിമ ബംഗാളിലെ മാൽഡ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. നസിബർ റഹ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. സി എച്ച് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാൾ കേംബ്രിഡ്ജ് ഇൻ്റർനാഷണൽ ട്രസ്റ്റ് ചെയർമാൻ ഹാജി മുഹമ്മദ് അസീസു റഹ്മാൻ മുഖ്യാതിഥിയായിരുന്നു.

മൗലാനാ മൻസൂർ സാഖിബ് തൈമി ബീഹാർ (ഖുർആനിൻ്റെ മാനവിക ദർശനം), മൗലാനാ തജമ്മുൽ ഹഖ് സലഫി ബംഗാൾ (മുസ്ലിം ഉമ്മത്ത്: വെല്ലുവിളികളും പരിഹാരവും), മൗലാനാ ഹുസൈൻ മൻബഇ തമിഴ്നാട് (മുഹമ്മദ് നബി (സ) അതുല്യ മാതൃക), ഡോ. അമീനുള്ള മദീനി അറാറിയ (വിശുദ്ധ ഖുർആൻ ജീവിത വെളിച്ചം), ഡോ. അൻവർ സാദത്ത് (കേരള നവോത്ഥാന മാതൃക ഇതര സംസ്ഥാനങ്ങളിലേക്ക്) എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.

ഐ യു എം എൽ ദേശീയ സെക്രട്ടറി സി കെ സുബൈർ അതിഥികളെ സമ്മേളന ഉപഹാരം നൽകി ആദരിച്ചു. സയ്യിദ് അക്രം ഖിറാഅത്ത് നടത്തി. സിഫോക്കസ് ഇന്ത്യ ചെയർമാൻ ഡോ. യഹ്യാഖാൻ, അബ്ദുൽ റഷീദ് കെ പി, അബ്ദുറഹ്മാൻ സലഫി, മുഹമ്മദ് ഹലീം, മുഹമ്മദ് അൻസാരി വെട്ടിച്ചിറ, അബ്ദുൽ മജീദ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.