ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പിന്‍വലിക്കാനുള്ള കാലപരിധി ഒഴിവാക്കണം: ജോയിന്‍റ് കൗണ്‍സില്‍

Thiruvananthapuram

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിരവധി വര്‍ഷങ്ങളായി ലഭ്യമായി കൊണ്ടിരുന്ന ലീവ് സറണ്ടര്‍ ചെയ്ത് വേതനം കൈപ്പറ്റുന്നതിനുള്ള അവകാശം നിലനിറുത്തിയതിനെ ജോയിന്റ് കൗണ്‍സില്‍ അഭിവാദ്യം ചെയ്യുന്നു. എന്നാല്‍ ഉത്തരവ് അനുസരിച്ച് സറണ്ടര്‍ വേതനം ജീവനക്കാര്‍ക്ക് ലഭ്യമാകുന്നതിന് നാലു വര്‍ഷം കാത്തിരിക്കണമെന്ന് വരുന്നത് അനീതിയാണ്.

ജീവനക്കാര്‍ക്ക് നിയമപരമായി ലഭ്യമാകേണ്ട അവധി ദിനത്തില്‍ കൂടി പണിയെടുക്കുന്നതിന് പകരമാണ് ലീവ് സറണ്ടര്‍. അത് നിയതമായ കാലത്തില്‍ നല്കാത്തത് അംഗീകരിക്കാനാകില്ല. ക്ഷാമബത്ത മുടങ്ങി യത് ജീവനക്കാരുടെ ജീവിത സാഹചര്യത്തെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട സറണ്ടര്‍ വേതനം അടുത്ത മൂന്നു മാസത്തിനകം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണം. വിരമിച്ചവര്‍ക്കും ഇപ്പോള്‍ വിരമിക്കുവാനിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സറണ്ടര്‍ ആനുകൂല്യം എങ്ങനെയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമല്ല. ടെര്‍മിനല്‍ സറണ്ടര്‍ പരമാവധി എത്തിയവര്‍ക്ക് അവരുടെ അധിക അവധി നിശ്ചിത കാലപരിധിയില്ലാതെ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ ഇതനുസരിച്ച് ഭേദഗതി വരുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാനും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *