കാരുണ്യ സ്പര്‍ശം: വൃദ്ധസദനത്തിലേക്ക് ഓണക്കോടികള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍

Thiruvananthapuram

വര്‍ക്കല: കവലയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ വര്‍ക്കല വാത്സല്യം വൃദ്ധസദനത്തിലേക്ക് ഓണക്കോടികള്‍ നല്‍കി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ഓണക്കോടികള്‍ വൃദ്ധസനത്തിലെ അന്തേവാസികള്‍ക്ക് വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി നല്‍കി വിതരണ ഉദ്ഘാടനം നടത്തി.

വിദ്യാര്‍ഥികള്‍ കാരുണ്യത്തിന്റെ മുതല്‍ക്കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡന്റും മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധിയുമായ പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം എസ് സുധീര്‍ സ്വാഗതം ആശംസിച്ചു. എന്‍എസ്എസ് യൂണിറ്റ് ഈ പ്രവര്‍ത്തനം ഏറ്റെടുത്തതിനെ പറ്റി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാജേഷ് കുമാര്‍ ചടങ്ങില്‍ വിശദീകരിച്ചു.

വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നൂറോളം ഓണക്കോടികള്‍ അന്തേവാസികള്‍ക്ക് നല്‍കിയപ്പോള്‍ അത് ഒരു വേറിട്ട അനുഭവമായി മാറി. കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ബീറ്റ് ഓഫീസര്‍ ജയപ്രസാദ് വാത്സല്യം പി ആര്‍ ഒ ശ്രീനാഥ്, പിടിഎ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യാപകരായ ഷംനാദ്, ബൈജു എന്നിവ ആശംസകള്‍ നേര്‍ന്നു. എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍ കുമാരി ശിവജ്യോതി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.