നിങ്ങള്‍ എവിടെയായാലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
എ വി ഫര്‍ദിസ്
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സെഷനില്‍ ലീഗ് നേതാവും എം എല്‍ എയുമായ പി കെ ബഷീറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊട്ട്. പേരെടുത്തു പറയാതെയാണ് മുഖ്യമന്ത്രിയുടെ എം എല്‍ എക്കെതിരെയുള്ള വിമര്‍ശനം. നാവിന് ലൈസന്‍സില്ലാത്തവര്‍ക്ക് എവിടെവെച്ചും എന്തും പറയാം. എന്നാല്‍ അതിനെല്ലാം മറുപടി പറയാന്‍ എന്റെ ഔചിത്യം അനുവദിക്കുന്നില്ല. വര്‍ഗീയത ഭരണകൂട പിന്തുണയോടെ എല്ലാ മേഖലകളിലും കടന്നു വരുമ്പോള്‍ ഒരു ന്യൂനപക്ഷ സമ്മേളനത്തില്‍ വന്ന് സി പി എമ്മിനെയാണോ എതിര്‍ക്കേണ്ടത്. കക്ഷി രാഷ്ട്രീയം വേറെയായി കാണണം. ഒന്നിച്ച് ഇതിനെ നേരിടണം. വര്‍ഗീയതയോട് സി പി എം സ്വീകരിക്കുന്ന സമീപനവും നയവും കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്ന സമീപനവും സുവ്യക്തമല്ലേ ?.
മതനിരപേക്ഷ സമൂഹത്തില്‍ മാത്രമെ മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉണ്ടാകുകയുള്ളൂവെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കണം. മറിച്ച് ചെയ്യുന്നത് ഊന്നി നില്ക്കുന്ന മഴുവിന്റെ അടിയില്‍ പോയി തല കാണിച്ചു കൊടുക്കുന്നതു പോലെയാകുമെന്ന് ഇവര്‍ തിരിച്ചറിയണം. മതനിരപേക്ഷ ശക്തികളോടൊപ്പം
ഒന്നായി ഇതിനെതിരെ അണിനിരക്കുകയാണ് വേണ്ടതെന്ന് ഇവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
കഴിഞ്ഞ ദിവസം സമ്മേളനത്തിലെ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗത്തിനെതിരെ പ്രസംഗിക്കവേയാണ് പി കെ ബഷീര്‍ എം എല്‍ എ മുജാഹിദ് അണികളെ രൂക്ഷമായി ചീത്ത പറഞ്ഞ് ഉപദേശിച്ചത്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അതിന് കൈയ്യടിക്കുന്നവരായി മാറുകയാണോയെന്ന് ചോദിച്ച ബഷീര്‍ ഇവിടെ വന്ന് വലിയ വര്‍ത്തമാനം പറയുന്നവര്‍ കൊല്ലങ്ങളോളം ഭരിച്ച ബംഗാളിലെ സ്ഥിതിയെന്താണ്? അതാണ് എന്തെങ്കിലും കിട്ടണമെങ്കില്‍ നമ്മള്‍ തന്നെ വേണം. വന്ന് പ്രസംഗിച്ചു പോകുവാന്‍ ധാരാളമാളുകള്‍ ഉണ്ടാകും. പക്ഷേ ചെയ്തു തരുവാന്‍ നമ്മള്‍ തന്നെ വേണം. ഇതുകൊണ്ടാണ് നമ്മളെ ജയിപ്പിക്കണമെന്നും
സദസ്സില്‍ ചിരിപടര്‍ത്തിക്കൊണ്ട് ബഷീര്‍ എം എല്‍ എ പറഞ്ഞത്. ഇതിനെയാണ് മുഖ്യമന്ത്രി പേരെടുത്തു പറയാതെ വിമര്‍ശിച്ചത്.