തുല്യനീതിയും അവസരവും സാധ്യമാക്കാന്‍ ജാതി സെന്‍സസ് നടപ്പാക്കണം: മുജാഹിദ് സമ്മേളനം

Kerala

കരിപ്പൂര്‍ (വെളിച്ചംനഗര്‍): ഭരണഘടനാപരമായ തുല്യ നീതിയു തുല്യ അവസരവും സാധ്യമാക്കാന്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

മുസ്ലിംകള്‍ രാജ്യത്ത് അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന വ്യാജ പ്രചാരണം നടത്തുന്നവര്‍ എന്ത് കൊണ്ടാണ് ജാതി സെന്‍സസ് നടത്തുന്നതിനെ ഭയപ്പെടുന്നത് എന്നത് വ്യക്തമാണ്.

ജനസംഖ്യയിലെ ചെറുന്യൂനപക്ഷമായ സവര്‍ണ ജാതിക്കാരാണ് ഉദ്യോഗ വിദ്യാഭ്യാസ മേഖലയിലെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ മേഖലയിലും ഭരണ തലത്തിലും SC/ST വിഭാഗങ്ങളെക്കാള്‍ പിന്നാക്കമാണ് മുസ്ലിംകള്‍” ജാതി സെന്‍സസ് നടത്തി യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടു വരണം.

സംസ്ഥാനത്തെ സര്‍ക്കാര്‍ കോര്‍പറേഷന്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ സമിതികള്‍, ആസൂത്രണ ബോര്‍ഡ്, ഉന്നത വിദ്യാഭ്യാസ ബോര്‍ഡ് നിയമ പരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയവയില്‍ മുസ്ലിം സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പു വരുത്തണം.

നിലവില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന മുന്നാക്ക സംവരണവും ഭിന്നശേഷി സംവരണവും മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ കവര്‍ന്നെടുക്കുകയാണ്.

നിലവില്‍ സംവരണമുണ്ടായിട്ടും മുസ്ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ലെന്ന് വ്യക്തമായിട്ടും ഉള്ള അവസരങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നത് നീതീകരിക്കാവതല്ല.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പിന്നാക്ക ന്യൂന പക്ഷങ്ങള്‍ക്കു സംവരണമേര്‍പെടുത്തണം”
കേരളത്തിലെ സര്‍വകലാശാലകളിലെ സ്റ്റ്യാറ്റൂട്ടറി പദവികളില്‍ മുസ്ലിംകള്‍ക്ക് അവസരം നിഷേധിക്കുന്നത് പൊറുപ്പിക്കാവതല്ല. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നില്‍ പോലും മുസ്ലിംകളെ പരിഗണിക്കാത്തത് കടുത്ത അനീതിയാണ്.

സംസ്ഥാനത്തെ മസ്ജിദുകളോട് ചേര്‍ന്നും അല്ലാതെയുമുള്ള മത പഠന കേന്ദ്രങ്ങളില്‍ ഒഴിവു സമയങ്ങളില്‍ കുടുംബിനികള്‍ക്ക് തൊഴില്‍ പരിശീലനത്തിനും കൈതൊഴില്‍, ഉല്‍പാദന സംരംഭങ്ങള്‍ എന്നിവ വഖഫ് ബോര്‍ഡിന്റെയും അതത് പ്രദേശത്തെ സകാത്ത് കമ്മിറ്റികളുടെയും സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തണം.

രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ രാഷ്ട്രീയ ജാഗ്രത പുലര്‍ത്താന്‍ മുസ്ലിം നേതൃത്വങ്ങള്‍ തയ്യാറാവണം. സംഘ്പരിവാറിനെ അധികാരത്തില്‍ നിന്നിറക്കാനുള്ള രാഷ്ട്രീയ സഖ്യങ്ങളെ അവരുടെ തെറ്റു കുറ്റങ്ങള്‍ പറഞ്ഞ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്

മുസ്ലിം സമുദായത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം അനുഭവിക്കാവുന്ന സാഹചര്യം സൃഷ്ടിക്കണം. കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും സ്‌നേഹവും കളിയാടുന്ന അവസ്ഥ സൃഷ്ടിക്കാനായി കുടുംബ വേദികളും കുടുംബ സംഗമങ്ങളും കൂടിച്ചേരലുകളും വര്‍ധിപ്പിക്കണം

കഠിനാധ്വനം ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന സമ്പാദ്യം പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് സമൂഹം ബോധവാന്‍മാരാവണം.

നിയമപരമായി നിലനില്ക്കുന്നതും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിധേയമായതുമായ സാമ്പത്തിക സുരക്ഷാ പാക്കേജുകളും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് സമുദായത്തെ ബോധവത്കരിക്കണം.

സ്ത്രീധനത്തിനെതിരായ പോരാട്ടം ശക്തിപെടുത്താനാണ് സംസ്ഥാനത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. സ്ത്രീധനം അനിസ്ലാമികമായ ധന സമ്പാദനമാണെന്ന് ഈ സമ്മേളനം വ്യക്തമാക്കുന്നു