തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ സബ്‌സിഡി റേഷന്‍ പദ്ധതി പ്രകാരം ഉള്ള ധാന്യവിതരണം കേരളത്തില്‍ 6 മുതല്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത് എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നു പണം കൊടുത്ത് കേരളം ഏറ്റെടുത്ത ഭക്ഷ്യഭദ്രത പദ്ധതി പ്രകാരമുള്ള അരിയുടെ വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയായ ശേഷം കേന്ദ്രത്തിന്റെ പുതുക്കിയ പദ്ധതി പ്രകാരം ഉള്ള അരി വിതരണം ആരംഭിക്കും.
പുതുക്കിയ പദ്ധതിയുടെ മേല്‍നോട്ടത്തിനായി 7 വരെ രാജ്യത്തെ എല്ലാ എഫ്‌സിഐ (ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ജനറല്‍ മാനേജര്‍മാരോടും ദിവസവും 3 റേഷന്‍ കാര്‍ഡുകള്‍ വീതം സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നോഡല്‍ ഓഫിസര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണം.
റേഷന്‍കടകളുടെ പ്രവര്‍ത്തനസമയത്തിലുള്ള ക്രമീകരണം 31 വരെയുമാക്കി.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ റേഷന്‍കടകള്‍ രണ്ടുമുതല്‍ ഏഴുവരെയും 16 മുതല്‍ 21 വരെയും പകല്‍ എട്ടുമുതല്‍ ഒന്നുവരെ പ്രവര്‍ത്തിക്കും. ഒമ്പതുമുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30നും 31നും പകല്‍ രണ്ടുമുതല്‍ രാത്രി ഏഴുവരെ റേഷന്‍വിതരണം ഉണ്ടാകും.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഒമ്പതുമുതല്‍ 14 വരെയും 21 മുതല്‍ 28 വരെയും 30നും 31നും പകല്‍ എട്ടുമുതല്‍ ഒന്നുവരെയും റേഷന്‍കട പ്രവര്‍ത്തിക്കും. രണ്ടുമുതല്‍ ഏഴുവരെയും 16 മുതല്‍ 21 വരെയും പകല്‍ രണ്ടുമുതല്‍ രാത്രി ഏഴുവരെയും റേഷന്‍ വാങ്ങാം.