കാനന വാസനെ കാണാന്‍ കരിമല താണ്ടിയത് 1,26,146 ഭക്തര്‍

News

ശബരിമല: എരുമേലി പമ്പ പരമ്പരാഗത കാനന പാതയിലൂടെ ഇതുവരെ ശബരീശനെ കാണാന്‍ എത്തിയത് 1,26,146 ഭക്തര്‍. 24.5 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇതുവഴി പമ്പയില്‍ എത്തുന്നത്. എരുമേലിയില്‍ നിന്നുള്ള ഭക്തര്‍ക്ക് അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലൂടെ രാവിലെ 7 മണി മുതല്‍ വനംവകുപ്പ് ചെക്‌പോസ്റ്റുകള്‍ കടന്ന് കാനന പാതയിലേക്ക് പ്രവേശിക്കാം. അഴുതയില്‍ ഉച്ചക്ക് 2.30 വരെയും മുക്കുഴിയില്‍ വൈകിട്ട് 3.30 വരെയുമാണ് ഭക്തരെ കടത്തിവിടുക. അഴുതയില്‍ നിന്നും കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളിലൂടെ 18.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്തും. ഇതിനിടയില്‍ സ്വാമി അയ്യപ്പന്‍ പൂങ്കാവനം പുനരുദ്ധാരണ (സാപ്പ് ) കമ്മിറ്റിയുടെ 8 ഇടത്താവളങ്ങളുണ്ട്. പൂര്‍ണമായും വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നതിനൊപ്പം വിശ്രമിക്കാനും സാധിക്കും. വന്യമൃഗ ശല്യം തടയാന്‍ പാതയുടെ ഇരുവശത്തും ഫെന്‍സിംഗ് ചെയ്തിട്ടുണ്ട്. അഴുതയില്‍ നിന്ന് ആദ്യസംഘവും പമ്പയില്‍ നിന്ന് അവസാന സംഘവും പുറപ്പെടുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുനയിക്കും. ഭക്തരുടെ സുരക്ഷക്കായി ആറ് സ്ഥലങ്ങളില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഈ ക്യാമറകളുടെ സഹായത്തോടെ മനസിലാക്കാനാകും. ഇത്തരം സാഹചര്യത്തില്‍ ഗാര്‍ഡുകളും എലിഫെന്റ് സ്‌ക്വാഡും സ്ഥലത്തെത്തി സുരക്ഷ ഒരുക്കും. പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരികൃഷ്ണന്‍, പമ്പ റെയിഞ്ച് ഓഫീസര്‍ ജി ആജികുമാര്‍ എന്നിവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *