വിശുദ്ധ ഖുര്‍ആന്‍ ആംഗ്യ ഭാഷ വിവര്‍ത്തന പ്രോജക്ട് ഉദ്ഘാടനം ചെയ്തു

News

പുളിക്കല്‍: ശ്രവണ പരിമിതരായ വ്യക്തികളുടെ വിശുദ്ധ ഖുര്‍ആന്‍ പഠനം ലക്ഷ്യമാക്കി എബിലിറ്റി ഫൗണ്ടേഷന്‍ പുതുതായി ആരംഭിക്കുന്ന ആംഗ്യഭാഷ വിവര്‍ത്തന പ്രോജക്ടിന്റെ ഉദ്ഘാടനവും പ്രഥമ വാള്യത്തിന്റെ പ്രകാശനവും ബഹുമാനപ്പെട്ട പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എബിലിറ്റി ക്യാമ്പസ്സില്‍ നിര്‍വ്വഹിച്ചു. എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ടി വി ഇബ്രാഹിം എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി കെ സി അബ്ദുറഹ്മാന്‍ പ്രഭാഷണം നടത്തി. എബിലിറ്റി മുഖ്യരക്ഷാധികാരി പാറപ്പുറത്ത് ബാവ ഹാജി, DAPL സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, എബിലിറ്റി ആര്‍ട്ട്‌സ് കോളേജ് ചെയര്‍മാന്‍ മുഹമ്മദലി ചുണ്ടക്കാടന്‍, ഡോ. യഹ്യാ ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍. എം അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് കായല്‍ മടത്തില്‍, ജമാല്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വ്യത്യസ്ത ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് എബിലിറ്റി ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ചു വരുന്ന വിവിധ പദ്ധതികളുടെ ഒരു തുടര്‍ച്ചയാണ് ഈ പദ്ധതി.

ബധിരത എന്നത് പ്രകടമായ ഒരു വൈകല്യമല്ല. എന്നാല്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ആംഗ്യഭാഷ സഹായം അനിവാര്യമാണ്. ഇതിനു പരിഹാരമായ ബോധവല്‍ക്കരണ ക്ലാസുകള്‍,ഓണ്‍ലൈന്‍ ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, വിവിധ തരം കൗണ്‍സിലിങ്ങുകള്‍ എന്നിവയുടെ തത്സമയ ആംഗ്യഭാഷാ പരിവര്‍ത്തനം നടപ്പിലാക്കിയ എബിലിറ്റി, വിവിധ കോളേജുകള്‍, സിവില്‍ സ്‌റ്റേഷനുകള്‍, ഹോസ്പിറ്റലുകള്‍ എന്നീ സ്ഥാപനങ്ങളില്‍ ആംഗ്യഭാഷ പരിശീലനം നല്‍കിവരുന്നു.

കോഴിക്കോട് സി. ആര്‍. സിയും സിറ്റി പോലീസുമായി സഹകരിച്ച് 1200 പോലീസുകാര്‍ക്ക് എബിലിറ്റിയിലെ വിദ്യര്‍ത്ഥികള്‍ ദേശീയഗാനം ആംഗ്യഭാഷയില്‍ ആലപിക്കുന്ന പരിശീലനം നല്‍കുകയുണ്ടായി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഇവിടുത്തെ ശ്രവണ പരിമിതരായ കോളേജ് വിദ്യാര്‍ഥികള്‍ 1200 പോലീസ് കാര്‍ക്കൊപ്പം കൂട്ടമായി കോഴിക്കോട്ടു വെച്ച് നടത്തിയ ദേശീയ ഗാനലാപനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം ലഭിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധികാര പരിധിയില്‍ ശ്രവണ പരിമിതര്‍ക്ക് മാത്രമായി നടത്തുന്ന ഏക കോളേജാണ് എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. 2019ല്‍ മികച്ച ബധിര വിദ്യാലയത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. ശ്രവണ പരിമിതര്‍ക്കുള്ള എബിലിറ്റിയുടെ ഒരു പുതിയ കാല്‍വെപ്പാണ് വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ആംഗ്യഭാഷ വിവര്‍ത്തന പദ്ധതി. കേരളത്തിനകത്തും പുറത്തുമുള്ള ശ്രവണ പരിമതരായ സഹോദരി സഹോദരന്മാര്‍ക്ക് അവരുടെ ഭാഷയില്‍ ഖുര്‍ആന്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവുകള്‍ ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതാണ്. ഏറെ നാളത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് എബിലിറ്റി ഈ ലക്ഷ്യം സാക്ഷാല്‍കരിച്ചത്. ഈ ആംഗ്യഭാഷ പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ എബിലിറ്റിയില്‍ നിന്നും ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *