പൂനൂർ പുഴയെ വീണ്ടെടുക്കാൻ കൈകോർക്കാം

Kozhikode

കോഴിക്കോട് : പറമ്പിൽ ബസാർ പ്രഭാതം ഗ്രന്ഥശാലയും സേവ് പൂനൂർ പുഴ ഫോറവും ചേർന്ന് പറമ്പിൽ ബസാറിൽ പൊതുയോഗം സംഘടിപ്പിച്ചു. 25 ഞായർ രാവിലെ 8 മണി മുതൽ പുളക്കടവ് മുതൽ പറമ്പിൽ കടവ് വരെ 2 കിലോമീറ്റർ ദൂരം ശുചീകരിക്കുന്നതിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടി ദർശനം ഗ്രന്ഥശാല സെക്രട്ടറി എം. എ. ജോൺസൺ ഉദ്ഘാടനം ചെയ്തു.

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്, ജില്ലാ ശുചിത്വ മിഷൻ, വിവിധ രാഷ്ട്രീയ പാർട്ടികൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, കോർപ്പറേഷൻ പൂളക്കടവ് 11 ആം വാർഡ് കമ്മിറ്റി, എൻ.ജി.ഒ.ക്വാർട്ടേഴ്സ് നാഷണൽ സർവീസ് സ്കീം വളൻ്റിയർമാർ, ബിജു കക്കയത്തിൻ്റെ നേതൃത്വത്തിലുള്ള കൂരാച്ചുണ്ട് റസ്ക്യൂ ടീം അംഗങ്ങളും സേവ് പൂനൂർ പുഴ ഫോറം വളൻ്റിയർമാരും ശുചീകരണ പ്രവൃത്തിയിൽ അണിനിരക്കും. പൂനൂർ പുഴ ശുചീകരണ സംഘാടക സമിതി കോ ഓർഡിനേറ്റർ അഡ്വ. കെ.പുഷ്പാംഗദൻ അധ്യക്ഷനായി.

സേവ് പൂനൂർ പുഴ ഫോറം ചെയർമാൻ പി.എച്ച്.താഹ, പ്രഭാതം ഗ്രന്ഥശാല പ്രസിഡൻ്റ് സി. അശോകൻ മാസ്റ്റർ, കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.മഞ്ജുള, പൂനൂർ പുഴ ശുചീകരണ സംഘാടക സമിതി ചെയർമാൻ പി. സുധീഷ്, കമ്മിറ്റി അംഗം സി. പ്രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രഭാതം വായനശാല സെക്രട്ടറി പി.എം. രത്നാകരൻ സ്വാഗതവും ഗ്രന്ഥശാല കമ്മിറ്റി അംഗം എ. സലീൽ നന്ദിയും പറഞ്ഞു. സി. പ്രദീപ് കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച പൂനൂർ പുഴയുടെ ഉത്ഭവസ്ഥാനം മുതൽ വിവിധ കടവുകളിലെ ഇന്നത്തെ സ്ഥിതി വിശദമാക്കുന്ന ‘പുഴയമ്മ ‘ ഡോക്യുമെൻ്ററി പ്രദർശനവും ഉണ്ടായി.