എസ്. സി , എസ്.ടി വിഭാഗങ്ങളോടൊപ്പമുള്ള കെ. സുരേന്ദ്രന്‍റെ ഊണ് വിവാദത്തിലേക്ക്; ഉള്ളിലെ ജാതി ബോധമെന്ന് വിമർശം

Kozhikode

കോഴിക്കോട് – എസ്. സി , എസ്.ടി വിഭാഗങ്ങളോടൊപ്പമുള്ള ബി ജെ. പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ്റെ ഉച്ചഭക്ഷണം വിവാദത്തിൽ !.ചൊവ്വാഴ്ചയാണ്
കേരള പദയാത്രയുടെ ഭാഗമായി കെ സുരേന്ദ്രൻ എസ്. സി , എസ്.ടി വിഭാഗങ്ങൾക്ക് ഒപ്പം
കോഴിക്കോട്ട് ഉച്ച ഭക്ഷണം ഒരുക്കിയത്. കൂടാതെ ഇത് കെ. സുരേന്ദ്രൻ്റെ ഒരു മഹാമനസ്കത പോലെയാണ് സംഘാടകർ പോസ്റ്ററടിച്ച് അവതരിപ്പിച്ചതും ഇതോടെയാണ്, സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധം തുടങ്ങിയത്.
നിങ്ങളുടെ ഉള്ളിലെ ജാതിബോധമാണ് ഇത്തരമൊരു പരിപാടി കേരള പദയാത്രയുടെ ഭാഗമായി ഏർപ്പാടാക്കിയതിലൂടെ ബി.ജെ.പിയിൽ നിന്ന് വെളിവായിരിക്കുന്നതെന്ന കമൻ്റാണ് വ്യാപകമായി സോഷ്യൽ മീഡിയയിലടക്കം പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയിൽ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുവാൻ പറ്റാത്ത വരായതുകൊണ്ടായിരിക്കാം ഇതു പ്രത്യേകമായി പറയുന്നതെന്ന വിമർശനവും ഉയന്നിട്ടുണ്ട്.

ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പറഞ്ഞ് ബി.ജെ.പി പോസ്റ്ററിറക്കി – പ്രചാരണം
നടത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. ഇങ്ങനെയൊരു സംസ്കാരം ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പരാതി കേൾക്കുന്നതിന് ആരും എതിരല്ല എന്നാൽ അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നത്, പോസ്റ്ററൊട്ടിച്ച് പ്രദർശിപ്പിച്ചത് ശരിയായ നടപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കഥാകൃത്തും മീഡിയാ വൺ എഡിറ്റുമായ പ്രമോദ് രാമനടക്കം എഫ്.ബിയിൽ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവം വിവാദമായതോടെ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ രംഗത്തെത്തി. സമൂഹത്തിലെ എല്ലാ വിഭാഗവുമായി യാത്രയുടെ ഭാഗമായി സംസ്ഥാന പ്രസിഡൻ്റ് സംവദിക്കുന്നുണ്ടെന്നും അത്തരമൊരു പരിപാടിയാണിതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നുമാണ് വി.കെ. സജീവൻ പറയുന്നത്. മാറാട്ടെ അരയ സമാജക്കാരെയടക്കം സുരേന്ദ്രൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോഴും വിവാദം തുടരുകയാണ്.