ഉപേക്ഷിച്ച് പോകുമെന്ന് സംശയം, ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

Thiruvananthapuram

തിരുവനന്തപുരം: വര്‍ക്കലയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. അയിരൂര്‍ മുത്താനാ അമ്പലത്തുംവിള വീട്ടില്‍ ലീല (45) യെയാണ് ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവ സമയത്ത് ഇവരുടെ മകളും ചെറുമകളും ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു.

ഇന്ന് പുലര്‍ച്ചെ1.30 മണിയോടെയാണ് സംഭവം. ലീലയ്ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവ് അശോകനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ലീലയുടെ ഭര്‍ത്താവ് അശോകന് ഒരു വര്‍ഷം മുന്നേ സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായി ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

രാത്രി അമ്മയുടെ കരച്ചില്‍ കേട്ടെത്തുമ്പോള്‍ കണ്ടത് മണ്ണെണ്ണയുമായി നില്‍ക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്നും മകള്‍ പറഞ്ഞു. മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.