യുപിയിൽ യാദവ-പിന്നോക്ക – ദളിത്-ന്യൂനപക്ഷ ഫോർമുലയുമായി രാഹുലും അഖിലേഷും

Articles

ഭരത് കൈപ്പാറേടൻ

ലക്നൗ: സീറ്റ് വിഭജനം പൂർത്തിയാക്കുന്ന ഉത്തർപ്രദേശിലെ ആദ്യത്തെ പ്രധാന സഖ്യമായി ഇന്ത്യാസഖ്യം മാറി. മറുവശത്ത്, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് അതിൻ്റെ പങ്കാളികൾക്കിടയിൽ സീറ്റ് വിഭജിക്കുന്നതിൽ വളരെ പിന്നിലാണ്.

ഓം പ്രകാശ് രാജ്ഭറിൻ്റെ നേതൃത്വത്തിലുള്ള എസ്ബിഎസ് പി , സഞ്ജയ് നിഷാദിൻ്റെ നേതൃത്വത്തിലുള്ള നിഷാദ് പാർട്ടി, അനുപ്രിയ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള അപ് നാ-ദൾ, ജയന്ത് ചൗധരി നയിക്കുന്ന ആർഎൽഡി തുടങ്ങിയ കക്ഷികളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട് ബിജെപിക്ക്.

ഇന്ത്യാ സഖ്യം വിട്ടു മറുകണ്ടം ചാടിയ ജയന്ത് ചൗധരി എൻഡിഎയിലെ സീറ്റ് വിഭജന നിർദ്ധേശങ്ങളിൽ തീർത്തും അതൃപ്തനാണെന്ന് അഭ്യൂഹങ്ങളുണ്ട്.

2022 ൽ അസംബ്ലിയിലെയും പിന്നീട് നഗരഭരണ തിരഞ്ഞെടുപ്പുകളിലെയും പരാജയങ്ങളിൽ നിന്നു കരകയറാൻ അഖിലേഷ് യാദവും രാഹുലും ചേർന്ന് ഒരു പിന്നാക്ക, ദളിത്, ന്യൂനപക്ഷ, യാദവ സഖ്യത്തിൻ്റെ ഫോർമുല ആവിഷ്കരിച്ചിരിക്കുകയാണ്.

യുപിയിലെ യാദവ ഇതര ഒബിസികളുടെയും ദളിതരുടെയും വോട്ടുകളിൽ ഇപ്പോഴും ഭാരതീയ ജനതാ പാർട്ടിക്കും സഖ്യകക്ഷികൾക്കും ഒരു ചെറിയ പങ്ക് ഉണ്ടെന്ന് മുൻ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പാറ്റേണുകൾ പരിശോധിച്ചാൽ മനസ്സിലാകും.

ഇത് ആദ്യം തിരിച്ചറിഞ്ഞ നേതാവാണ് രാഹുൽ. ഇതിനെ ചെറുക്കാൻ നടപടി തുടങ്ങിയ ആദ്യ പാർട്ടിയാകട്ടെ സമാജ്‌വാദി പാർട്ടിയും.

രാഹുലിന്റെ ന്യൂ ജനറേഷൻ കാഴ്ചപ്പാടിന് അനുസരിച്ച് ഖാർഗ്ഗെയും വേണുഗോപാലും ഒഴികെ ആ പാർട്ടിയുടെ ഒരു നേതാവും ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് ഇന്ന് ആ പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി.

ഇങ്ങനെയൊക്കെ ആണെങ്കിലും മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ബിജെപിയോടുള്ള അതൃപ്തി പൊതുവെ പ്രകടമാണ്. കാർഷിക പ്രശ്‌നങ്ങൾ, പണപ്പെരുപ്പം, ഈ സമുദായങ്ങൾക്കിടയിലെ തൊഴിലില്ലായ്മ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് പിന്നിലെ പ്രധാനകാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഇതനുസരിച്ച് ബൂത്ത് തലത്തിൽ ഈ സമുദായങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനുള്ള തന്ത്രമാണ് ഇന്ത്യാ മുന്നണി തയ്യാറാക്കുന്നത്. രാഹുൽ ഗാന്ധി അഖിലേന്ത്യാ തലത്തിൽ വളരെ മുമ്പുതന്നെ സമാനമായ രീതിയിൽ ഈ സമുദായങ്ങളെ ലക്ഷ്യമിട്ട് ബിജെപി വിരുദ്ധ ക്യാംപയിൻ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് അദ്ദേഹം ആദ്യം ഭാരത് ജോഡോ യാത്ര നടത്തിയതും പിന്നീട് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചതും.

ബിജെപിക്കൊപ്പം തങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന് രാജ്യത്തെ ദളിത്-ഒബിസി- ന്യൂനപക്ഷ ജനതയെ ബോധ്യപ്പെടുത്താനാണ് രാഹുൽ ഗാന്ധിയുടെ രണ്ട് യാത്രകൾ പരമാവധി ശ്രമിച്ചത് എന്നത് ശ്രദ്ധേയമാണ്.

ജാതി സെൻസസിന്റെ ആവിശ്യകത, സാമൂഹിക-സാമ്പത്തിക നീതി നിഷേധം, തൊഴിലില്ലായ്മ, വിലക്കയറ്റത്തിന്റെ രൂക്ഷത, അഴിമതി എന്നിവ ഉയർത്തുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികളും അവയുടെ പ്രസക്തിയും രാഹുൽ നാടുനീളെ യാത്ര ചെയ്ത് നിരന്തരം ഉന്നയിക്കുന്നുണ്ട് . പക്ഷേ അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ അതൊന്നും ഗൗനിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ് ആ പാർട്ടി നേരിടുന്ന സമകാലിക ദുരന്തം.

കോൺഗ്രസ്സ് നേതാക്കൾ ഒരു നാണവുമില്ലാതെ തമ്മിൽത്തല്ലി തല കീറുന്ന തിരക്കിലാണ്.