ലോകം ഒരു മരണ വീടായിരുന്നു, അന്തോണിയോ ഗ്രാംഷിയുടെ ജന്മദിനം ഓർക്കാൻ കഴിയാത്ത ദിനം

Articles

നിരീക്ഷണം /എ പ്രതാപൻ

ജനുവരി 22 ന് , ഇറ്റാലിയൻ മാർക്സിസ്റ്റ് ചിന്തകൻ അന്തോണിയോ ഗ്രാംഷിയുടെ ജന്മദിനമായിരുന്നു. ചരിത്രം പഠിപ്പിക്കുന്നുണ്ട്, പക്ഷേ അതിന് പഠിതാക്കൾ ഇല്ല എന്ന ഗ്രാംഷിയുടെ വരികളിലൂടെ ഇന്നലെ ഞാൻ ഗ്രാംഷിയെ ഓർത്തു. ഇന്നലെ എനിക്ക് ലോകം ഒരു മരണവീട് ആയിരുന്നു. പ്രിയപ്പെട്ട ഒരാളുടെ പിറന്നാൾ ആയി ഓർക്കാൻ തോന്നാത്ത ദിവസം . പക്ഷേ വേറൊരു രീതിയിൽ ആലോചിക്കുമ്പോൾ ഈ ദിവസത്തിൻ്റെ യാദൃശ്ചികമായ പൊരുത്തം ചിലത് നമുക്ക് പകർന്നു തരുന്നുണ്ട് എന്നെനിക്ക് തോന്നുന്നു.
ലോകത്ത് ഫാഷിസം ഉദയം ചെയ്ത നാട്ടിൽ, ഇറ്റലിയിൽ , ജനിച്ച് ,ജീവിച്ച്,
ആ ഫാഷിസത്തിനെതിരെ പോരാടി , ഫാഷിസ്റ്റ് തടവറയിൽ നരകിച്ച് മരിച്ച ഒരാളാണ് ഗ്രാംഷി . ഇനി ഇരുപത് വർഷത്തേക്ക് ഈ തലച്ചോർ പ്രവർത്തിക്കരുത് എന്നാണ് ഗ്രാംഷിക്കെതിരെ പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടത്. കോടതി അത് അനുവദിച്ചു. പക്ഷേ ഏറ്റവും പ്രതികൂലമായ തടവറയിലെ ഭൗതിക സാഹചര്യങ്ങളേയും തൻ്റെ അതികഠിനമായ ശാരീരിക, മാനസിക പീഢകളേയും അതിജീവിച്ചു കൊണ്ട് ആ തലച്ചോർ പിന്നെയും പ്രവർത്തിച്ചു. 1926 ൽ തടവറയിലെത്തി ,1937 ൽ മരിച്ചു പോകും വരെ തടവറയിൽ ഇരുട്ടിൽ കിടന്നു കൊണ്ട് എഴുതിയ ചിന്തകൾ, പിന്നീട് ലോകത്തിന് വെളിച്ചമായി.

നമ്മുടെ നാട്ടിലെ ഒരു ഫാഷിസ്റ്റ് കടന്നുകയറ്റത്തിൻ്റെ ദിവസം തന്നെ ലോകം കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റ് വിരുദ്ധ പോരാളിയുടെ ജന്മദിനം കൂടിയായി മാറുന്നതിൽ ചരിത്രം നമ്മോട് പറയുന്ന ഒരു കാര്യമുണ്ട്. ലോകത്തിലെ ഏറ്റവും ഭീകരമായ കാര്യങ്ങൾ അരങ്ങേറുമ്പോൾ തന്നെ, അതിനെ ചെറുക്കുന്ന പോരാളികളും ചിന്തകളും ഒപ്പം പിറവി കൊള്ളുന്നുണ്ട്.

യു.പി. ജയരാജ് , നിരാശാഭരിതനായ സുഹൃത്തിന് എഴുതിയ കത്തിൽ പറയുമ്പോലെ,

വെയിൽ ചിന്നുന്നുണ്ട്,
ഓർമ്മകൾ ഉണരുന്നുണ്ട്.
കാക്കകൾ കരയുന്നുണ്ട്,
കാറ്റ് വീശുന്നുണ്ട്,
മരങ്ങൾ ഉലയുന്നുണ്ട് ,
കാടിളകുന്നുണ്ട്,
ചൂഷണം പെരുകുന്നുണ്ട്.
അതുകൊണ്ടു തന്നെ ……
പോരാട്ടങ്ങളും തുടരുന്നുണ്ട്.