12 കൂട്ടം സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും
വിഭവസമൃദ്ധം ചക്കരപ്പന്തലിലെ ഒന്നാം ദിനം

Kerala News

കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍,ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിച്ച ഭക്ഷണശാലയിലേക്കാണ്. നിരനിരയായി പത്തു കൗണ്ടറുകള്‍. ഓരോ കൗണ്ടറിലും ഭക്ഷണത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന വരികള്‍ കുറിച്ചിട്ടിരിക്കുന്നതും കാണാം. ഭക്ഷണം വിളമ്പുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി 1200 അധ്യാപകര്‍. കോഴിക്കോടിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതുന്ന തരത്തിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നതെന്നു നിസ്സംശയം പറയാം.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയവരുടെ മനസ്സ് നിറയ്ക്കുന്ന തരത്തിലാണ് ചക്കരപ്പന്തലിലെ ഭക്ഷണവിതരണം. ഭക്ഷണശാലയിലൊരുക്കിയ വേദിക്കു സമീപം നടത്തുന്ന അനൗണ്‍സ്‌മെന്റിനനുസരിച്ചാണ് ഓരോ കൗണ്ടറിലും ഭക്ഷണം വിളമ്പുന്നത്. അതു കൊണ്ടു തന്നെ തിക്കും തിരക്കുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാമെന്നു പറയുന്നു കലോത്സവത്തിനെത്തിയവര്‍. ദിവസേന നാലു നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ഭക്ഷണവിതരണം രാത്രി 10 മണി വരെ നീളും.

പൈനാപ്പിള്‍ പച്ചടി, അവിയല്‍, അരിപ്പായസം തുടങ്ങി 12 കൂട്ടം വിഭവങ്ങളാണ് കലോത്സവത്തിന്റെ ഒന്നാം ദിനം കലവറയിലൊരുങ്ങിയത്. ഭക്ഷണശേഷം മധുരത്തിനായി കോഴിക്കോടിന്റെ സ്വന്തം ഹല്‍വയുമുണ്ട്. ഒന്നാം ദിനം കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചക്കരപ്പന്തലിലെത്തിയിരുന്നു. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയില്‍ ഭക്ഷണമൊരുക്കുന്നത്. എഴുപത് പേരടങ്ങുന്ന സംഘമാണ് പഴയിടം രുചികളുമായി കോഴിക്കോടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *