തിരശ്ശീല ഉയര്‍ന്നു: കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്‍റെ അഞ്ച് നാളുകള്‍

Kerala News

കോഴിക്കോട്: മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹ്യ വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാല് കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്‌കൂള്‍ കാലോത്സവം മാറിയത്.

കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ അവതരിപ്പിക്കുമ്പോള്‍ ആ പ്രകടനങ്ങളില്‍ സന്തോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളുടെ പരിഛേദമായിരിക്കും കലോത്സവ വേദിയില്‍ കാണാന്‍ ശ്രദ്ധിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രകലകള്‍ അടക്കമുള്ളവയെ കലോത്സവത്തില്‍ ഉള്‍ചേര്‍ക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കലാവാസനകള്‍ വളര്‍ത്താന്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവം ജനകീയമായി മാറുമെന്നും നവീനമായ ഇടപെടലുകള്‍കൊണ്ട് കലോത്സവം ശ്രദ്ധേയമാവുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാപ്രതിഭകളെ വിവിധ വേദികളിലേക്ക് എത്തിക്കാനുള്ള കലോത്സവ വണ്ടികളും ഓട്ടോകളും കോഴിക്കോടിന്റെ ആതിഥ്യമര്യാദയുടെ പ്രതീകമാണ്. ചടുലവും സമയബന്ധിതവുമായി ഉത്തരവാദിത്തം നിറവേറ്റാന്‍ കമ്മിറ്റികള്‍ക്കായി.
വിവിധ കമ്മിറ്റികള്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപകവിദ്യാര്‍ത്ഥി യുവജന സംഘടനകള്‍, വകുപ്പുകള്‍ തുടങ്ങി നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമാണിതെന്നും മന്ത്രി പറഞ്ഞു.

കനകകിരീടത്തില്‍ മുത്തമിടാന്‍ എത്തുന്ന കലാ പ്രതിഭകളെ കോഴിക്കോട് എതിരേല്‍ക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വൈവിധ്യങ്ങളുടെ പുതിയ സംസ്‌കാരം പ്രകടമാകുന്ന കലോത്സവം പരാതിയും പരിഭവവും ഇല്ലാതെ മികച്ചരീതിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംഘാടനത്തിലെ മികവ്, പ്രാതിനിധ്യ സ്വഭാവം സംഘാടന മികവ് എന്നിവ കൊണ്ട് ഏറെ പുതുമ തീര്‍ക്കുകയാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കലാസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നു നല്‍കുന്നതോടൊപ്പം കലാപ്രതിഭകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കോഴിക്കോട്. ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും അതീതമായി എല്ലാവിഭാഗം ആളുകളെയും അണി നിരത്താന്‍ കലോത്സവത്തിലൂടെ സാധിക്കും. ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്ന പ്രതീതിയോടെ എല്ലാവരും ഈ കലാമേളയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ രമ, കെ എം സച്ചിന്‍ ദേവ്, ഇ.കെ വിജയന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, മേയര്‍ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണി താവായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *