കേരളത്തിന്‍റെ വ്യവസായ ഭാവി നിശ്ചയിക്കുക മലബാറും വനിതകളുമെന്ന് കെ.ടി. എക്സ് ടെക്നോളജി എക്സ്പോ

Kozhikode

കോഴിക്കോട് – മലബാറിലെ വ്യവസായ- വാണിജ്യ സംസ്കാരവും ഈ രംഗത്തേക്ക് കടന്നു വരുന്ന വനിതകളുമായിരിക്കും വരും കാലത്തെ കേരളത്തിൻ്റെ വ്യവസായ ഭാവി നിശ്ചയിക്കുകയെന്ന് കെ.ടി. എക്സ് -കേരള ടെക്നോളജി എക്സ്പോ – യുടെ ഭാഗമായി സംഘടിപ്പിച്ച പാനൽ ഡിസ്ക്ഷൻ.

ചെറുകിട ഇടത്തരം വ്യവസായങ്ങളെ എങ്ങനെ സാങ്കേതികമായ പിൻബലത്തോടു കൂടി ശാക്തീകരിക്കാമെന്ന വിഷയത്തിലാണ് പാനൽ ഡിസക്ഷൻ സംഘടിപ്പിച്ചത്.
ചെറുകിട ഇടത്തരം വ്യവസായികൾ പലപ്പോഴും പുതിയ സാങ്കേതിക വിദ്യകൾ തങ്ങളുടെ മേഖലയിൽ കൊണ്ടുവരുന്നതിൽ ഇപ്പോഴും ഏറെ പിന്നിലാണെന്ന് ടൈ കേരള പ്രസിഡൻ്റ് ദാമോദർ അവനൂർ പറഞ്ഞു.

കേരളത്തിൻ്റെ വ്യവസായിക ഭാവി കിടക്കുന്നത് ചെറുകിട ഇടത്തരം വ്യവസായങ്ങളിലാണെങ്കിലും ഇപ്പോഴും പുതിയ കണ്ടുപിടുത്തങ്ങളിലൂടെ അവയെ നവീകരിക്കുവാൻ ഭൂരിഭാഗം ചെറുകിട വ്യവസായികളും തയ്യാറായുന്നില്ലെന്ന് കേരള നോളജ് മിഷൻ ജി.എം പി.എം. റിയാസ് പറഞ്ഞു.

നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലപ്പോഴും വ്യവസായ ശാലകളിൽ നിന്ന് അകലുന്ന കാഴ്ചയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണ ശാലകളിൽ നിന്നുള്ള കണ്ടു പിടുത്തങ്ങളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുന്നതിൽ ഇപ്പോഴും ഒരു വലിയ വിടവ് നില നില്ക്കുന്നുണ്ടെന്ന് തൃശൂർ, എം.എസ്. എം. ഇ ഡി.എഫ്.ഒ ഓഫീസ് ജോ. ഡയറക്ടർ ജി.എസ്. പ്രകാശ് പറഞ്ഞു.

തങ്ങളുടെ വ്യവസായം വളർന്നു വലുതായി ആഗോള തലത്തിലെത്തണമെന്ന് കേരളത്തിലെ ചെറുകിട-ഇടത്തരം വ്യവസായികളിൽ ഭൂരി പക്ഷത്തിനും താൽപര്യമില്ലാത്ത അവസ്ഥയാണ് നിലവിലെന്ന് കെ.എസ്. ഐ.ഡി. സി ഡയറക്ടറും വി.കെ. സി ഡയറക്ടറുമായ അബ്ദുൾ റസാഖ് പറഞ്ഞു. പുതിയ മാറ്റങ്ങളെ എപ്പോഴും ഉൾക്കൊള്ളാൻ ശ്രമിച്ചതുകൊണ്ടാണ് വി.കെ.സിക്ക് വൻ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതെന്നും റസാഖ് പറഞ്ഞു. മാതൃഭൂമി ബിസിനസ് ഹെഡ് ആർ റോഷൻ മോഡറേറ്ററായിരുന്നു. അതിഥികൾക്ക് അജയൻ കെ. അനാട്ട് ഉപഹാരം നല്കി.