ചരക്കുവാഹനങ്ങള്‍ നിയന്ത്രിച്ച് ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Wayanad

കല്പറ്റ: കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ എന്‍ എച്ച് 766ല്‍ താമരശ്ശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത തടസം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഗതാഗത തടസം ഒഴിവാക്കാന്‍ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

വയനാട്, കോഴിക്കോട് ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും പ്രായോഗികവും ഫലപ്രദവുമായ സംവിധാനം കണ്ടെത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍മാരും ജില്ലാപൊലീസ് മേധാവിമാരും 15 ദിവസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം.

താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം നിത്യ സംഭവമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വിശേഷ ദിവസങ്ങളില്‍ അഞ്ചും അതിലേറെ മണിക്കൂറുകളും ഗതാഗതം തടസ്സപ്പെടും. സ്ത്രീകളും കുട്ടികളും രോഗികളും എയര്‍പോര്‍ട്ട് തീവണ്ടി യാത്രക്കാരും ദുരിതം അനുഭവിക്കുന്നത് പതിവാണ്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രാഥമിക കൃത്യം പോലും നിര്‍വഹിക്കാനാവാതെ യൂറിനറി ഇന്‍ഫക്ഷന്‍ പോലുള്ള അസുഖങ്ങള്‍ ബാധിക്കുന്നത് പതിവാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി എല്‍ സാബു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

1 thought on “ചരക്കുവാഹനങ്ങള്‍ നിയന്ത്രിച്ച് ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Leave a Reply

Your email address will not be published. Required fields are marked *