വിദ്യാഭ്യാസ രംഗത്ത് എം എസ് എസിന്‍റെ ഇടപെടൽ മാതൃകാപരം: അഡ്വ ടി സിദ്ധീഖ്

Wayanad

കൽപ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എം.എസ്.എസിന്റെ ഇടപെടലുകൾ മാതൃകാപരമാണെന്ന് അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ. അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രൊഫഷണൽ തൊഴിലാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി എം എസ് എസിന്റെ ശ്രദ്ധയുണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്.) സംസ്ഥാന ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ ക്രസന്റ് ഫാമിലി റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ: പി. ചാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എസ് വൈസ് പ്രസിഡണ്ട് പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചി:പി.മമ്മത്‌കോയ സ്വാഗതം പറഞ്ഞു.

രാമക്ഷേത്രാനന്തര ഇന്ത്യ വിഷയാവതരണം ഡോ:അഹമ്മദ് കബീര്‍ ബാഖവിയും എം.എസ്.എസ്. സംഘടന-സംഘാടനം എം.എസ്.എസ് മുന്‍ ജനറല്‍ സെക്രട്ടറി പി.ടി.മൊയ്തീന്‍കുട്ടിയും അവതരിപ്പിച്ചു. സാമൂഹ്യ നവോത്ഥാനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകത സാഫി കോളേജ് ഓഫ് എഡ്യുക്കേഷന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ:ഇ.പി.ഇമ്പിച്ചിക്കോയ, ന്യൂനപക്ഷ അവകാശങ്ങളും എം.എസ്.എസ്. പ്രവര്‍ത്തകരും തരുവണ എം.എസ്.എസ്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് സെക്രട്ടറി പി.പി.മുഹമ്മദും വിഷയാവതരണം നടത്തി.

നാളെ വ്യാഴാഴ്ച സമര്‍പ്പിത ജീവിതം എന്ന വിഷയത്തില്‍ ഡോ:കെ.ജമാലുദ്ദീന്‍ ഫാറൂഖിയും നല്ല വൃക്തി, നല്ല സമൂഹം എന്ന വിഷയത്തില്‍ റാഷിദ് ഗസ്സാലിയും പ്രഭാഷണം നടത്തും.

മൂന്ന് മണിക്ക് തരുവണ എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം എം.എസ്.എസ്- പൊയിലൂര്‍ എഡ്യുക്കേഷന്‍    കോംപ്ലക്‌സ് ചെയര്‍മാന്‍ സി.പി.കുഞ്ഞിമൂഹമ്മദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ:പി.ഉണ്ണീന്‍ നിര്‍വ്വഹിക്കുമെന്ന്  സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചി:പി.മമ്മത്‌കോയ അറിയിച്ചു.