28 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക പുതുക്കുന്നു

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ അംഗങ്ങളുടെ ആകസ്മിക ഒഴിവ് മൂലം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍ പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. കരട് പട്ടിക 6 ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 21 വരെ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം.

ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായ അര്‍ഹതപ്പെട്ടവര്‍ക്ക് പേര് ചേര്‍ക്കാം. ഇതിനായി http://www.lsgelection.kerala.gov.in ല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫാറം 5 ല്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും.

കരട് പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in ലും ലഭ്യമാണ്.

ഇടുക്കി, കാസര്‍ഗോഡ് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ 28 വാര്‍ഡുകളിലാണ് അംഗങ്ങളുടെ/കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ വന്നിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍ വാര്‍ഡും, തൃശ്ശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം വാര്‍ഡും കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മീനത്തുചേരി വാര്‍ഡും ഇതില്‍ ഉള്‍പ്പെടും. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് അവയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഗ്രാമപഞ്ചായത്തുകളില്‍ അതാത് വാര്‍ഡുകളിലെയും വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാര്‍ഡുകള്‍ ജില്ലാ തലത്തില്‍:
തിരുവനന്തപുരം-കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക്
കൊല്ലം-കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മീനത്തുചേരി, വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വടക്ക്, ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്തിലെ തേവര്‍തോട്ടം
പത്തനംതിട്ട-കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുഭാഗം
ആലപ്പുഴ-തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍മുക്കം, എടത്വാ ഗ്രാമപഞ്ചായത്തിലെ തായങ്കരി വെസ്റ്റ്
കോട്ടയം-എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വയലാ ടൗണ്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവക്കുളം
എറണാകുളം-പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തായ്മറ്റം
തൃശ്ശൂര്‍-തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം ഡിവിഷന്‍, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലങ്ങാട്
പാലക്കാട്-പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂര്‍, ആനക്കര ഗ്രാമപഞ്ചായത്തിലെ മലമക്കാവ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ പാട്ടിമല, തൃത്താല ഗ്രാമപഞ്ചായത്തിലെ വരണ്ടു കുറ്റികടവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂര്‍
മലപ്പുറം-അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്തിലെ അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്തിലെ കൊടലിക്കുണ്ട്
കോഴിക്കോട്-ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറമുക്ക്
വയനാട്-സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലിലെ പാളാക്കര
കണ്ണൂര്‍-ശ്രീകണ്ഠപുരം മുനിസിപ്പല്‍ കൗണ്‍സിലിലെ കോട്ടൂര്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേല്‍മുരിങ്ങോടി, മയ്യില്‍ ഗ്രാമപഞ്ചായത്തിലെ വള്ളിയോട്ട്‌

Leave a Reply

Your email address will not be published. Required fields are marked *