തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ 29 സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകളുടെ ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം പുരുഷാല ഫ്‌ലാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. 1962 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖാന്തരം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളുടെ സംസ്ഥാന കോള്‍ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററി സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കാര്യവട്ടത്തെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണ് ഇന്ത്യ മുഴുവന്‍ പശുപരിപാലനത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നത്. കേരളം ഇത് ഏറ്റെടുത്തു ആദ്യം തന്നെ നടപ്പിലാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കൂടുതല്‍ ചെറുപ്പക്കാര്‍ സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി ആവശ്യപ്പെട്ട സംസ്ഥാനത്തെ പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നിപ്പനി എന്നിവ മൂലം നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പര്‍ഷോത്തം രൂപാല ഉറപ്പ് നല്‍കി.കേരളം ആവശ്യപ്പെട്ട രീതിയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നടത്തിപ്പിന് വേണ്ടി വരുന്ന തുകയും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യത്തിന് മതിയായ സഹായം നല്‍കുമെന്നും അദ്ദേഹം ചടങ്ങില്‍ ഉറപ്പ് നല്‍കി.
ചടങ്ങില്‍ ബിനോയ് വിശ്വം എം പി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. സുരീന്ദര്‍ പാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 60ശതമാനം കേന്ദ്രസര്‍ക്കാരും 40ശതമാനം സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ചെലവ് വഹിക്കുന്ന ‘ലൈവ് സ്‌റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍’ എന്ന പദ്ധതിയുടെ കീഴിലാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകള്‍ യാഥാര്‍ഥ്യമാകുന്നത്. കര്‍ഷകര്‍ക്ക് യാതൊരു വിധ അധിക ചാര്‍ജും ഈടാക്കാതെ ഏകീകൃത സേവന നിരക്കില്‍ മരുന്നുള്‍പ്പെടെ വീട്ടുപടിക്കല്‍ സേവനം ലഭിക്കും. കന്നുകാലികള്‍, കോഴികള്‍ മുതലായവയെ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സ നല്‍കുന്നതിന് 450 രൂപയും കൃത്രിമ ബീജദാനം നല്‍കുന്നുണ്ടെങ്കില്‍ 50 രൂപയും അധികം ഈടാക്കും. അരുമ മൃഗങ്ങളെ ഉടമയുടെ വീട്ടുപടിക്കല്‍ എത്തി ചികിത്സിക്കുന്നതിന് 950 രൂപയാണ് നിരക്ക്. ഒരേ ഭവനത്തില്‍ കന്നുകാലികള്‍, പൗള്‍ട്രി മുതലായവയ്ക്കും അരുമ മൃഗങ്ങള്‍ക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കില്‍ 950 രൂപയാണ് ഈടാക്കുക.