കലോത്സവത്തിലെ കോഴ, വിധി കര്‍ത്താവ് മരിച്ച നിലയില്‍

Kannur

കണ്ണൂര്‍: ആരോപണ വിധേയനായ കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ മേലെ ചൊവ്വ സ്വദേശിയായ ഷാജിയാണ് ജീവനൊടുക്കിയത്.

ഷാജിയുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുതിട്ടുണ്ട്. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. താന്‍ നിരപരാധിയാണെന്നും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ഇതാണ് സത്യമെന്നും എഴുതി വച്ചാണ് ഷാജി ജീവനൊടുക്കിയത്. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

അതേസമയം കേരള സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയുടെ വിധികര്‍ത്താവായിരുന്ന ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എഫ്‌ഐക്കെതിരെ ആരോപണം കടുപ്പിച്ചു എബിവിപി രംഗത്തെത്തി. ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്‌ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുര്‍ഗതിയിലാക്കി കലോത്സവത്തെ കോഴയില്‍ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ചത് സംഘാടകരാണ്. യൂണിവേഴ്സിറ്റി യൂണിയന്‍ നയിക്കുന്ന എസ്എഫ്‌ഐ ആണ് മരണത്തിന്റെ ഉത്തരവാദികളെന്നും ആരോപിക്കുന്നു.