ബി എസ് സി നഴ്സിംഗ്, പാരാമെഡിക്കൽ പ്രവേശനം

Science & Health

റമീസ് പാറാൽ

ഇന്ത്യയിലും വിദേശത്തും ഗൾഫ് രാജ്യങ്ങളിലും മികച്ച സാധ്യതയുള്ള മേഖലയാണ് നേഴ്സിംഗ്. ആരോഗ്യ മേഖലയില്‍ ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സാണിത്. ആരോഗ്യപരിപാലന രംഗത്ത് നേഴ്സിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. ശാരീരികവും മാനസികവുമായ വൈകല്യങ്ങളാൽ പ്രയാസമനുഭവിക്കുന്നവരെ പരിചരിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നു നൽകുകയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നവരാണ് നഴ്സുമാർ.

പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പഠനമാണ് ബിഎസ്സി നേഴ്സിങ് കോഴ്സിന്റെ യോഗ്യത. ഒരു വർഷത്തെ പ്രായോഗിക പരിശീലനം ഉൾപ്പെടെ നാലു വർഷമാണ് കോഴ്സ്. വിവിധ സ്ഥാപനങ്ങളിലെ പ്രവേശന രീതികൾ വ്യത്യസ്തമാണ്.

ബി എസ് സി നഴ്സിംഗ് പ്രവേശനം കേരളത്തിൽ

ബി എസ് സി നേഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് കേരളത്തിൽ ഇതുവരെ പ്രവേശന പരീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ 2024-25 അധ്യയന വർഷം മുതൽ ബി എസ് സി നഴ്സിങ് പ്രവേശനത്തിന് കേരളത്തിൽ പ്രവേശനപ്പരീക്ഷ നിർബന്ധമാക്കിയതായി സർക്കാർ അറിയിച്ചു. പ്രവേശനപ്പരീക്ഷാ നടത്തിപ്പ് ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല. കേരള ബി എസ് സി നേഴ്സിങ് പ്രവേശന പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ ഏപ്രിൽ മാസത്തിൽ പ്രതീക്ഷിക്കാം. കേരളത്തിൽ ബി എസ് സി നേഴ്സിങ് പ്രവേശനം ലഭിക്കുന്നതിന് നീറ്റ് റാങ്ക് ബാധകമല്ല.

നിലവിൽ പ്ലസ് ടു മാർക്കിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം എൽ ബി എസാണ് സർക്കാർ കോളേജുകളിലേക്കും സ്വാശ്രയ കോളേജുകളിലെ പകുതി വരുന്ന സർക്കാർ സീറ്റുകളിലേക്കും ബി എസ്‌ സി നഴ്‌സിങ് പ്രവേശനം നടത്തുന്നത്. മാനേജ്‌മെൻറ് സീറ്റുകളിൽ മാനേജ്മെൻറ് അസോസിയേഷനാണ് ഏകീകൃത പ്രവേശനം നടത്തിവന്നിരുന്നത്. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർ ബി എസ് സി നേഴ്സിംഗ് കോഴ്സിന് പ്രവേശനം നേടാൻ യോഗ്യരാണ്.

ബി എസ് സി നേഴ്സിങ് ഒഴികെയുള്ള മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്ക് കേരളത്തിൽ പ്രവേശന പരീക്ഷ ഇല്ല. പ്ലസ്ടുവിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം.

ബിഫാം കോഴ്സിന് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ് പഠിച്ചവർ ബി ഫാം കോഴ്സിന് പ്രവേശനം നേടാൻ യോഗ്യരാണ്.

കർണാടക ബി എസ് സി നേഴ്സിങ് പ്രവേശനം
കർണാടകയിൽ ബി എസ് സി നേഴ്സിങ് പ്രവേശനത്തിന് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ ഇ എ) നടത്തുന്ന എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടേണ്ടതുണ്ട്. ഈ വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് മാർച്ച് 15 വരെ http://cetonline.karnataka.gov.in/kea/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കർണാടക എന്‍ട്രസ് പരീക്ഷയിൽ യോഗ്യത നേടാത്തവർക്ക് കർണാടകയിൽ ബി എസ് സി നേഴ്സിങ് കോഴ്സിന് പ്രവേശനം നേടാൻ സാധിക്കില്ല.

മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കർണാടകയിലെ 72 നഴ്സിങ് കോളജുകൾ അടുത്ത അധ്യയനവർഷം വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വിലക്കിയിട്ടുണ്ട്. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

എയിംസ് ബി എസ് സി നേഴ്സിങ്
എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ന്യൂഡൽഹി, ഭുവനേശ്വർ, ഭോപ്പാൽ, ജോധ്പൂർ, നാഗ്പൂർ, തുടങ്ങിയ സ്ഥാപനങ്ങളിൽ നാലു വർഷത്തെ ബി എസ് സി ഓണേഴ്സ് നഴ്സിംഗ് പ്രോഗ്രാമുകൾ ഉണ്ട്. പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. പ്ലസ് ടു സയൻസ് വിദ്യാർഥിനികൾക്ക് എയിംസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം.

2024-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ www.ailmsexams.ac.in ൽ തുടങ്ങി. ബി എസ്‌ സി (ഓണേഴ്‌സ്) നഴ്‌സിങ്, ബി എസ്‌ സി നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി എസ്‌ സി പാരാമെഡിക്കൽ കോഴ്സു‌കൾ എന്നീ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എല്ലാ കോഴ്‌സുകൾക്കും രണ്ടുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. ഏതെങ്കിലും പ്രോഗ്രാ മിൽ താത്പര്യമുള്ളവർ ഏപ്രിൽ അഞ്ചിന് വൈകീട്ട് അഞ്ചിനകം www.aiimsexams.ac.in വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ബേസിക് രജിസ്ട്രേഷൻ സ്വീകരിക്കപ്പെട്ടവർക്ക് ഫൈനൽ രജിസ്ട്രേഷൻ കോഡ് രൂപപ്പെടുത്താനും തുടർന്ന് അപേക്ഷാ ഫീസടയ്ക്കാനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും മാർച്ച് 12 മുതൽ ഏപ്രിൽ 12 ന് വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും.

നീറ്റ് റാങ്ക് പരിഗണിച്ച് ബി എസ് സി നഴ്സിംഗ് പ്രവേശനം
ഇന്ത്യയിൽ ചുരുക്കം ചില സ്ഥാപനങ്ങളിൽ മാത്രമാണ് നീറ്റ് റാങ്ക് പരിഗണിച്ച് ബിഎസ് സി നേഴ്സിങ് പ്രവേശനം നൽകുന്നത്. നീറ്റ് റാങ്ക് പരിഗണിച്ച് നടത്തുന്ന കേന്ദ്ര സ്ഥാപനങ്ങളിലെ/ കോളേജുകളിലെ ബി.എസ്‌സി. നഴ്‌സിങ് കോഴ്സുകളിലേക്ക് അഖിലേന്ത്യാ കൗൺസിലിംഗ് വഴിയാണ് പ്രവേശനം.

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം സി സി) യാണ് അഖിലേന്ത്യാ കൗൺസിലിംഗ് നടത്തുന്നത്. എം സി സി നടത്തുന്ന ബി എസ്‌ സി നഴ്‌സിങ് കൗൺസലിങ്ങിൽ എട്ടു കേന്ദ്ര സ്ഥാപനങ്ങളാണ് പങ്കെ ടുക്കുന്നത്.

  1. അഹല്യാഭായ് കോളേജ് ഓഫ് നഴ്‌സിങ് ന്യൂഡൽഹി,
  2. ഫ്ലോറൻസ് നൈറ്റിംഗേൽ കോളേജ് ഓഫ് നഴ്‌സിങ് ന്യൂഡൽഹി,
  3. കോളേജ് ഓഫ് നഴ്‌സിങ് ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ന്യൂഡൽഹി,
  4. കോളേജ് ഓഫ് നഴ്‌സിങ് ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ് ന്യൂഡൽഹി,
  5. രാജ്‌കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്‌സിങ് ന്യൂഡൽഹി,
  6. കോളേജ് ഓഫ് നഴ്സ‌ിങ് സഫ്‌ദർജങ് ഹോസ്പിറ്റൽ ന്യൂഡൽഹി,
  7. കോളേജ് ഓഫ് നഴ്സ‌ിങ് ബനാറസ് ഹിന്ദു യൂണിവേഴിറ്റി വാരണാസി ഉത്തർപ്രദേശ്,
  8. ഭോപ്പാൽ നഴ്‌സിങ് കോളേജ് ഭോപാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ ഭോപാൽ മധ്യപ്രദേശ്.

ഇവയിൽ 15 ശതമാനം സീറ്റുകൾ ദേശീയ തലത്തിലും 85 ശതമാനം ഡൽഹി സ്റ്റേറ്റ് ക്വാട്ടയായും നികത്തുന്ന കോളേജുകൾ, 100 ശതമാനം സീറ്റുകൾ ദേശീയ തലത്തിൽ നികത്തുന്നവ, പെൺകുട്ടികൾക്കു മാത്രം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നവ എന്നിവയൊക്കെയുണ്ട്.

NEET (UG)-2024 പരീക്ഷക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് : https://exams.nta.ac.in/NEET/

ജിപ്മർ പോണ്ടിച്ചേരി
നീറ്റ് റാങ്ക് പരിഗണിച്ചാണ് പോണ്ടിച്ചേരി ജിപ്മറിൽ ബിഎസ്സി നേഴ്സിങ്, മറ്റു പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിലേക്ക് പ്രവേശനം നടത്തുന്നത്. പോണ്ടിച്ചേരി ജിപ്‌മറിൽ ബി.എസ്‌ സി. നഴ്‌സിങ് എം.സി.സി. അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിട്ടില്ല. ജിപ്മർ അപേക്ഷ വിളിക്കുമ്പോൾ ഓൺലൈനായി അപേക്ഷ നൽകി ജിപ്മറിന്റെ പ്രവേശന പ്രക്രിയയിൽ പങ്കെടുക്കേണ്ടതാണ്.

മിലിറ്ററി നഴ്സിംഗ് സർവീസ് (എം എൻ എസ്)
ആംഡ്ഫോഴ്സസ് നഴ്സിംഗ് സർവീസസിന് കീഴിലുള്ള നഴ്സിംഗ് കോളേജുകളിലെ നാലുവർഷ ബി എസ് സി നേഴ്സിങ് കോഴ്സിലേക്ക് നീറ്റ് യു ജി സ്കോർ പരിഗണിച്ചാണ് പ്രവേശനം. പെൺകുട്ടികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. കമ്പ്യൂട്ടർ ടെസ്റ്റ് ഓഫ് ജനറൽ ഇൻറലിജൻസ്, ജനറൽ ഇംഗ്ലീഷ്, സൈക്കോളജിക്കൽ അസസ്മെൻറ് ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയിലെ പ്രകടനം കൂടി പരിഗണിച്ചാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്. മെഡിക്കൽ ഫിറ്റ്നസും തെളിയിക്കേണ്ടതുണ്ട്. പ്രവേശനത്തിനായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
(ലേഖകൻ കരിയർ കൗൺസലറാണ്. ഫോൺ: 9447709121)