ഇടുക്കി : കൃഷിഭൂമിയിൽ അതിക്രമിച്ചു കയറുന്ന വന്യജീവികളെ തങ്ങളുടെ സ്വയരക്ഷക്കായി വേണ്ടിവന്നാൽ കൊല്ലാൻ കൃഷിക്കാരന് അവകാശമുണ്ടെന്ന് ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ബിജു കൈപ്പാറേടൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് N.O കുട്ടപ്പൻ എന്നിവർ ഇടുക്കി ജില്ലാ പ്രസ്സ്ക്ലബ്ബിൽ നടത്തിയ നടത്തുന്ന പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് പ്രകാരം മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ ജീവികൾ ജനവാസ കേന്ദ്രങ്ങളിൽ അതിക്രമിച്ചു കയറിയാൽ അവയെ കൊല്ലാൻ വ്യക്തികൾക്ക് അനുവാദമുണ്ട്.
സ്വന്തം കൃഷിയിടത്തും ഭവനത്തിലും ജീവഭയമില്ലാതെ സ്വസ്ഥമായി ജീവിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം കൂടിയാണ് 1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഉറപ്പു നൽകുന്നത്.
ഈ സാഹചര്യത്തിൽ തങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കടക്കുന്ന വന്യ ജീവികളെ വെടിവെച്ചോ അല്ലാതെയോ കൊല്ലാൻ 11 (2) വകുപ്പ് അനുമതി നൽകുന്ന സാഹചര്യത്തിൽ പ്രസ്തുത അധികാരം ഉപയോഗിക്കാൻ പശ്ചിമഘട്ട മേഖലയിലെ കർഷകർക്ക് അവകാശമുണ്ടെന്ന് ജനതാ പാർട്ടി നേതാക്കൾ പറഞ്ഞു.
ഇക്കാര്യം ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. സ്വയരക്ഷക്കായി ഈ അവകാശം ഉപയോഗിക്കാനും സുരക്ഷിതരായി ജീവിക്കാനും ജനങ്ങളെ പറഞ്ഞു. ബോധവാന്മാരാക്കേണ്ടതിനു പകരം മുഖ്യമന്ത്രിയും സംസ്ഥാന ഭരണകൂടവും വനം വകുപ്പും വ്യാപകമായി നുണപ്രചരണം നടത്തി പശ്ചിമഘട്ട – മലയോര മേഖലയിലെ കർഷകരെയും സാധാരണക്കാരെയും നിരന്തരമായി ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്.
1972 -ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് സാധാരണ പൗരന് ഉറപ്പു നൽകുന്ന, അവനു ഭീതിയില്ലാതെ ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി, ഈ മേഖലയിൽ താമസിക്കുന്ന കർഷകർക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസു നൽകണമെന്ന് ജനതാ പാർട്ടി ആവശ്യപ്പെട്ടു.
അപേക്ഷിക്കുന്ന എല്ലാ കർഷകർക്കും ഭൂമിയുടെ വലുപ്പച്ചെറുപ്പമോ വിസ്തൃതിയോ നോക്കാതെ തോക്ക് ഉപയോഗിക്കാൻ ലൈസൻസ് നൽകേണ്ടതാണ്.
തോക്ക് ഉപയോഗിക്കാൻ ലൈസൻസിന് അപേക്ഷിച്ചിട്ട് അത് നിഷേധിക്കപ്പെടുന്ന ഒരു കർഷകന് പിന്നീട് വന്യജീവിയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണം നേരിട്ടാൽ അതുകൊണ്ട് ആ കർഷകന് ഉണ്ടാകുന്ന മുഴുവൻ നഷ്ടവും ലൈസൻസ് നിഷേധിച്ച ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാൻ വ്യവസ്ഥ ചെയ്യണമെന്ന് ജനതാപാർട്ടി സർക്കാരിനോട് ആവശ്യപ്പെട്ടു.
വന്യ ജീവികളുടെ ശല്യമുള്ള മലയോര മേഖലയിലെ മുഴുവൻ കർഷകരും ഇക്കാര്യത്തിൽ ബോധവാന്മാരാകേണ്ടതുണ്ട്. എല്ലാവരും സ്വയരക്ഷക്കുവേണ്ടി ഉടൻതന്നെ തോക്കിനുള്ള ലൈസൻസിനായി അധികൃതർക്ക് അപേക്ഷ നൽകണമെന്ന് ജനതാ പാർട്ടി ആഹ്വാനം ചെയ്തു.
തോക്ക് ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയാൽ പറമ്പിൽകയറുന്ന വന്യജീവികളെ നിഷ്കരുണം വെടിവെച്ചു കൊല്ലണമെന്നു തന്നെയാണ് ജനതാ പാർട്ടിയുടെ അഭിപ്രായമെന്നു നേതാക്കൾ പറഞ്ഞു. വന്യമൃഗം വെടികൊണ്ട് വീണാലുടനെ അക്കാര്യം ഫോറസ്റ്റ് അധികൃതരെ അറിയിക്കേണ്ടതുണ്ടെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു.
ഒരുകാരണവശാലും അതിന്റെ മാംസമോ ശരീര ഭാഗങ്ങളോ ഭക്ഷണത്തിനോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കായോ ഉപയോഗിക്കാൻ പാടില്ലന്ന് കൈപ്പാറേട പറഞ്ഞു. അങ്ങനെ ചെയ്യുന്നത് കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടും .
ചത്തുവീഴുന്ന ജീവിയുടെ ശരീരം പോസ്റ്റ് മോർട്ടം ചെയ്യേണ്ടതും മറവു ചെയ്യേണ്ടതും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതിനാൽ കർഷകർ അക്കാര്യത്തിലും യാതൊരുവിധ റിസ്കും എടുക്കേണ്ടതില്ലെന്ന് ഡോ. കൈപ്പാറേടൻ പറഞ്ഞു.
സ്വന്തം സുരക്ഷയെക്കരുത്തി കാട്ടുമൃഗത്തെ വെടിവെച്ചിടുന്ന ഏതെങ്കിലും ഒരു കർഷകനെതിരെ ഫോറസ്റ്റ് അധികൃതർ കേസെടുത്താൽ രാജ്യത്തെ ഏറ്റവും ഉന്നത നീതിപീഠത്തിൽ പോയിട്ടായാലും ആ കർഷകനു നിയമപരമായ നീതിവാങ്ങിക്കൊടുക്കാൻ
പൗരാവകാശബോധമുള്ള ഒരു കർഷക പാർട്ടി എന്ന നിലയിൽ ജനതാ പാർട്ടി ഇടപെടുമെന്ന് നേതാക്കൾ പറഞ്ഞു.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോസഫ്, കിസാൻ ജനത സംസ്ഥാന അദ്ധ്യക്ഷൻ തോംസൺ പി ജോഷ്വ, പാർട്ടി ജില്ലാ പ്രസിഡന്റ് കെ ജെ ആന്റണി , ജില്ലാ വൈസ് പ്രസിഡന്റ് കലേഷ് സി ജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.