മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിന് വിദ്യാർത്ഥികൾ രംഗത്തിറങ്ങണം: വിസ്ഡം സ്റ്റുഡൻസ്

Kozhikode

കോഴിക്കോട് : ലോക്സഭ ഇലക്ഷന് തയ്യാറെടുക്കുന്ന ഘട്ടത്തിൽ രാജ്യത്തെ മതേതര ചേരിയെ ശക്തിപ്പെടുത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ എമിനൻസ് നേതൃസംഗമം അഭിപ്രായപ്പെട്ടു.

രാജ്യത്ത് വർഗ്ഗീയ അജണ്ടകൾ മുൻനിർത്തി നടത്തുന്ന പ്രചരണങ്ങൾക്ക് തടയിടണം. പതിറ്റാണ്ടുകളായി രാജ്യം പരിപാലിച്ചു പോന്ന അഖണ്ഡതക്കും സാഹോദര്യത്തിനും ഭംഗം വരുത്തുന്ന വിധത്തിലാണ് ചില തൽപര കക്ഷികളുടെ പ്രചാരണങ്ങൾ. സി.എ.എ ഉൾപ്പെടെയുള്ള വിവേചന നയങ്ങൾ നടപ്പിൽ വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ കൂട്ടായി പ്രതിരോധിക്കണം.

വോട്ടിനെ വിവേകപൂർവ്വം വിനിയോഗിക്കാൻ സാധിക്കണം. ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർ നടപടികൾ പൂർത്തിയാക്കണം.

വോട്ടെടുപ്പ് തിയ്യതികൾ പോലും ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധന കർമ്മങ്ങൾക്ക് പ്രയാസം സൃഷ്ടിക്കും വിധത്തിൽ നിശ്ചയിക്കുന്നത് ആസൂത്രിതമാണ്. വിശ്വാസികൾക്കിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകളിൽ നിന്ന് ഭരണകൂടങ്ങൾ വിട്ടു നിൽക്കണം. ആവശ്യം മുൻനിർത്തി നിലവിൽ നിശ്ചയിച്ച വോട്ടെടുപ്പ് തിയ്യതിയിൽ മാറ്റങ്ങൾ വരുത്താൻ അധികൃതർ തയ്യാറാകണമെന്നും സംഗമം ചൂണ്ടിക്കാട്ടി.

രാഷ്ട്ര ശില്പികൾ വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിന് മതേതര ചേരിയെ ശക്തിപ്പെടുത്താൻ വേണ്ട ഇടപെടലുകൾ ഉറപ്പാക്കാൻ വിദ്യാർത്ഥി സംഘങ്ങൾ സജ്ജമാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽ ഹികമി താനൂർ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ട്രഷറർ കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി എന്നിവർ അതിഥികളായി. വിസ്ഡം സ്റ്റുഡൻസ് ട്രഷറർ മുഹമ്മദ് ഷബീബ് മഞ്ചേരി, സംസ്ഥാന ഭാരവാഹികളായ ഡോ. ഷഹബാസ് കെ. അബ്ബാസ്, അസ്ഹർ അബ്ദുൽ റസാക്ക്, സഫുവാൻ ബറാമി അൽ ഹികമി, മുജാഹിദ് അൽ ഹികമി പറവണ്ണ, ജസീൽ മദനി കൊടിയത്തൂർ, അബ്ദുൽ മാജിദ് ചുങ്കത്തറ, ഖാലിദ് വെള്ളില, കാബിൽ സി.വി. തുടങ്ങിയവർ സംസാരിച്ചു.

റുവൈസ് കാസർകോട്, മുഷ്താഖ് അൽ ഹികമി, യാസീൻ അബൂബക്കർ, മൂനിസ് ബാലുശ്ശേരി, സജീർ വി. ടി., അക്രം വളപട്ടണം, ഡാനിഷ് സുല്ലമി എളങ്കൂർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

27 മത് ക്വുർആൻ വിജ്ഞാന പരീക്ഷ, ശാഖ തലങ്ങളിൽ സംഘടിപ്പിക്കുന്ന അലിഫ് കിഡ്സ് എക്സാം, ക്യാമ്പസ് തലങ്ങളിൽ സംഘടിപ്പിക്കുന്ന അൽ ബയാൻ ഓൺലൈൻ എക്സാം, ഇഫ്താർ സംഗമങ്ങൾ, ജില്ലാ മണ്ഡലം തലങ്ങളിൽ സംഘടിപ്പിക്കുന്ന എമിനൻസ് നേതൃസംഗമങ്ങൾ, അവധിക്കാല ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾക്ക് സംഗമം അന്തിമ രൂപം നൽകി.