ലക്‌നൗ: മകളുടെ മരണത്തില്‍ മനംനൊന്ത വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീടിന് തീയിട്ടു. ഭര്‍തൃപിതാവും മാതാവും വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് അന്‍ഷിക കേശര്‍വാനി എന്ന യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. അന്‍ഷികയുടെ മരണവാര്‍ത്ത പുറത്തുവന്നയുടന്‍ അവരുടെ ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തി. പ്രകോപിതരായ ഇവര്‍ വീടിന് തിയ്യിടുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് അന്‍ഷിക ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തി. പിന്നാലെ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ അന്‍ഷികയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു.
പൊലീസ് ഉടന്‍ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്‌നിശമന സേനയെ അറിയിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചത്. അഗ്‌നിശമന ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ അമ്മായിയമ്മയെയും അമ്മായിയപ്പനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.