മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ മരണം; പോക്‌സോ കേസില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

Crime

തിരുവനന്തപുരം: മതപഠന കേന്ദ്രത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. പൂന്തുറ സ്വദേശി ഹാഷിം ഖാന്‍ (20) അറസ്റ്റിലായി. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായത് മതപഠന കേന്ദ്രത്തിന് പുറത്തുനിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. ബീമാപള്ളി സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി അസ്മിയ ഈ മാസം 13നാണ് മതപഠന കേന്ദ്രത്തില്‍ ജീവനൊടുക്കിയത്.

ഇതേ തുടര്‍ന്ന് മതപഠന കേന്ദ്രത്തിനെതിരെ ആരോപണം ശക്തമാകുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നെന്നും ആണ്‍സുഹൃത്താണ് പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനം നടന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുവാവുമായുള്ള അടുപ്പത്തിനും പീഡനത്തിനും ശേഷമാണ് പെണ്‍കുട്ടിയെ മതപഠന കേന്ദ്രത്തില്‍ ചേര്‍ത്തിയത്.