എം കെ രാഘവന്‍ കോഴിക്കോടിന്‍റെ എം പിയായി തുടരേണ്ടത് അനിവാര്യം: കെ പി ഉണ്ണികൃഷ്ണൻ

Kozhikode

കോഴിക്കോട്: കോഴിക്കോടിന്റെ എംപിയായി എംകെ രാഘവന്‍ തുടരേണ്ടത് അനിവാര്യമാണെന്നും അത് രാജ്യത്തിന്റെ ആവശ്യമാണെന്നും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്ണന്‍. കോഴിക്കോട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെപി ഉണ്ണികൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു സന്ദര്‍ശിക്കെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാത്രി എട്ടു മണിയോടെയാണ് എംകെ രാഘവന്‍ കെപി ഉണ്ണികൃഷ്ണനെ കാണാനും അനുഗ്രഹ ആശംസകള്‍ നേടാനുമായി കോഴിക്കോട് പന്നിയങ്കരയില്‍ പത്മാലയത്തില്‍ എത്തിയത്. മുന്‍ഗാമിയെ കാണാനെത്തിയ എംകെ രാഘവനെ വരവേറ്റ് കെപി സ്വീകരണ മുറിയിലുണ്ടായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയുമായി എംകെ രാഘവന്‍ ഏറെ നേരം സംവദിച്ചു.

എംകെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത കെപി, ഈ സമയത്തും തന്നാല്‍ കഴിയുന്ന കാര്യങ്ങളില്‍ പ്രവര്‍ത്തസജ്ജമായി ഉണ്ടാവുമെന്നും പറഞ്ഞു. എംകെ രാഘവന്‍ കോഴിക്കോടിന്റെ എംപിയായി തുടരേണ്ടത് നാടിന്റെ ആവശ്യമാണെന്നും വിജയത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്നും പറഞ്ഞു. ജനാധിപത്യ മതനിരപേക്ഷ ബഹുസ്വര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ രാജ്യത്ത് കോണ്‍ഗ്രസ് തിരകവന്നേ മതിയാവൂ എന്നും അതിന്റെ ആദ്യപടിയായി കോഴിക്കോട് നിന്നും എംകെ രാഘവന്‍ വിജയിച്ചു പോവേണ്ടത് അനിവാര്യമാണെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കെപി ഉണ്ണികൃഷ്ണന്‍ ജേഷ്ഠ സഹോദരനെ പോലയെന്നും പല മാനങ്ങളുള്ള രാഷ്ട്രീയനേതാവാണ് അദ്ദേഹമെന്നും പന്നിയങ്കരയിലെ പത്മാലയത്തിലെത്തിയ എംകെ രാഘവന്‍ പറഞ്ഞു. പണ്ഡിതന്റെ അറിവും സഹൃദയന്റെ സൗമ്യതയും നിറഞ്ഞ അദ്ദേഹത്തിന്റെ നിരീക്ഷണബുദ്ധിയും സാമര്‍ത്ഥ്യവും തെരഞ്ഞെടുപ്പില്‍ സഹായകരമാവുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ പ്രതികരിച്ചു.