നിപ: സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണം- ഡോ. ഹുസൈൻ മടവൂർ

Kozhikode

ഒളവണ്ണ: നിപ ബാധിച്ച് സ്കൂൾ വിദ്യാർത്ഥി മരണമടഞ്ഞ സാഹചര്യത്തിൽ പ്രതിരോധന പ്രവർത്തനങ്ങൾക്കായി സർക്കാർ സംവിധാനങ്ങളോട് പൂർണ്ണമായും സഹകരിച്ച് പ്രവർത്തിക്കണമെന്ന് കെ. എൻ. എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

മാങ്കാവ് മണ്ഡലം ഐ.എസ്.എം സംഘടിപ്പിച്ച വെളിച്ചം സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പും തദ്ദേശ ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും മുൻ കരുതലോടെ രോഗികളെയും ക്വോറൻ ടൈനിൽ കഴിയുന്നവരെയും സഹായിക്കുകയും ചെയ്യണം.

മാസ്ക് ധരിക്കൽ, കൂട്ടം കൂടാതിരിക്കൽ, മറ്റ് ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കൽ തുടങ്ങിയവ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വെളിച്ചം ഖുർആൻ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ദാനവും ഹുസൈൻ മടവൂർ നിർവ്വഹിച്ചു. വ്യക്തികളുടെയും സമൂഹത്തിൻ്റെയും നന്മക്ക് വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുർആൻ അദ്ഭുതങ്ങളുടെ അദ്ഭുതമാണെന്നും അദ്ദേഹം വിശദീകരിച്ചു.

സംഗമത്തിൽ ഐ.എസ്.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു. റഷീദ് ഒളവണ്ണ, ഹാഫിസ് റഹ്‌മാൻ മദനി, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.സെയ്തുട്ടി, എം.വി മുഹമ്മദ്, ഫൈസൽ ഒളവണ്ണ, അഫ്‌സൽ പട്ടേൽത്താഴം, ഫിറോസ് പുത്തൂർമഠം എന്നിവർ സംസാരിച്ചു.