ഇത്തവണയും ബി ജെ പി, ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍; ചുമരെഴുത്തുമായി ബി ജെ പി

Kerala

കല്പറ്റ: ഇത്തവണയും ബി ജെ പി ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ബി ജെ പി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രചരണത്തിനിടെയാണ് ചുമരെഴുത്തുമായി ബി ജെ രംഗത്തിറങ്ങിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ വയനാട് പാര്‍ലമെന്റ് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യേഗസ്ഥര്‍, റവന്യു ജീവനക്കാര്‍, എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്താകെ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് സാധ്യതകൂടി മുന്നില്‍ക്കണ്ടാണ് വയനാട്ടിലെ പരിശോധനയെന്നാണ് പറയുന്നത്. ഇതിനിടെയാണ് കല്പറ്റയില്‍ ചുമരുകളില്‍ ഇത്തവണയും ബി ജെ പി ഒരിക്കല്‍ കൂടെ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തില്‍ ബി ജെ പി ചുമരെഴുത്ത് തുടങ്ങിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സാധ്യത നിലനില്‍ക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാര്‍ലമെന്റ് മണ്ഡലം. വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണത്തിലുള്ള ഓഫീസിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി മോക് പോളിങ് നടത്തുന്നുണ്ട്.

വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിലയിരുത്തുമ്പോഴാണ് ചുമരെഴുത്തുമായി ബി ജെ പി പ്രവര്‍ത്തനം തുടങ്ങിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന്റെ പിന്നാലെ തന്നെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ തിരക്കിട്ട് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നത് ഉപതെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. എന്നാല്‍ അടുത്ത മെയ് മാസത്തില്‍ രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്കായി ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ പാര്‍ടികളുടെ നിഗമനം. ഉപതെരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബി ജെ പി രംഗത്തിറങ്ങിയെന്നാണ് ചുമരെഴുത്തുകള്‍ നല്‍കുന്ന സൂചന.