മന്ത്രവാദത്തിനിടെ യുവതിക്ക് നേരം ലൈംഗീക പീഡനം; കൈവിഷമിറക്കാനെത്തിയ മന്ത്രവാദി അറസ്റ്റില്‍

Kerala News

മലപ്പുറം: മന്ത്രവാദത്തിനായെത്തി യുവതിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ ആള്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടിയിലാണ് മന്ത്രവാദത്തിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നിയൂര്‍ പാറാക്കാവ് ശാന്തിനഗര്‍ ചെകുത്താന്‍ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യന്‍ എന്ന ബാബു (32) ആണ് യുവതിയുടെ പരാതിയില്‍ പൊലീസിന്റെ പിടിയിലായത്.

യുവതിയെ ആലിന്‍ചുവട് ചെകുത്താന്‍ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് ‘കൈവിഷം’ ഇറക്കുന്നതിനായി വീട്ടുകാര്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ചികിത്സിക്കാനാണെന്ന വ്യാജേന പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തത്. സുബ്രഹ്മണ്യന്‍ മൂന്നിയൂര്‍ ചെകുത്താന്‍ മൂലയിലുള്ള വീട്ടില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരികയായിരുന്നു. ബാബു പണിക്കര്‍, സിദ്ധന്‍ ബാബു എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

നേരത്തെ വര്‍ക്ക് ഷോപ്പുകളിലും മറ്റും കൂലിപ്പണി ചെയ്തിരുന്ന ഇയാള്‍ പിന്നീട് മന്ത്രവാദത്തിലേക്ക് തിരിയുകയായിരുന്നു. ചികിത്സയെ പറ്റിയുള്ള ബോര്‍ഡോ പേരുവിവരമോ എവിടെയും പ്രദര്‍ശിപ്പിച്ചായിരുന്നില്ല ഇയാളുടെ ചികിത്സ. പരാതിക്കാരിക്കും സഹോദരനും വയറ്റില്‍ ‘കൈവിഷം’ കൊടുത്തിട്ടുണ്ടെന്നും ആയതിനാലാണ് അസുഖങ്ങള്‍ മാറാത്തതെന്നും കൈവിഷം പുറത്തെടുക്കണമെന്നും പറഞ്ഞാണ് ഇയാള്‍ ചികിത്സ തുടങ്ങിയത്. പിന്നീട് ആദ്യം യുവതിയുടെ സഹോദരനെ മുറിയിലേക്ക് വിളിപ്പിച്ച് വയറ്റില്‍ പാത്രം വെച്ച് കൈവിഷം എന്ന് പറഞ്ഞ് ഒരു കറുത്ത വസ്തു കുടുംബാംഗങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയും പിന്നീട് യുവതിയെ അകത്തേക്ക് വിളിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *