ഒരുവര്‍ഷം തുടര്‍ച്ചയായ ചാറ്റിംഗ്, ഒടുവില്‍ ജീവനൊടുക്കല്‍: അനുജയുടേയും ഹാഷിമിന്‍റെയും ഫോണ്‍ പരിശോധിച്ച പൊലീസിന് കിട്ടിയ വിവരങ്ങള്‍

Pathanamthitta

പത്തനംതിട്ട: അപകടത്തില്‍ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന്റേയും(37), ചാരുംമൂട് സ്വദേശി മുഹമ്മദ് ഹാഷിന്റേയും (31) പോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പുറത്ത്. ഇവര്‍ തമ്മില്‍ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ തുടര്‍ച്ചയായി ഫോണില്‍ ചാറ്റിംഗ് നടത്തിയെന്നും കണ്ടെത്തിട്ടുണ്ട്. ഹാഷിമിന്റെ രണ്ടു ഫോണുകളും അനുജയുടെ ഒരു ഫോണുമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചത്. ഇരുവരും ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി.

അതിനിടെ അപകടമുണ്ടാക്കിയ കാറും കണ്ടെയ്‌നര്‍ ലോറിയും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മനഃപൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതായാണ് കണ്ടെത്തല്‍. ഇതേ സംശയത്തിലാണു പൊലീസും. കാര്‍ അമിത വേഗത്തില്‍ തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറെ കേസില്‍ നിന്നും ഒഴിവാക്കി.

അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയില്‍ വച്ച് അനുജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവലറില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ അനുജയോട് ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്.