പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സി പി എമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷമായ തര്‍ക്കമാണ് ഇതുസംബന്ധിച്ച് നടന്നത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെയാണ് സി പി എം തിരിച്ചെടുത്തത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സജിമോന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നാണ് രൂക്ഷമായ വാക്ക്തര്‍ക്കവും ബഹളവും ഉണ്ടായത്.
പീഡനക്കേസില്‍ പുറത്താക്കിയ സജിമോനെ തിരിച്ചെടുത്ത പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ സജിമോനും പങ്കെടുക്കാന്‍ എത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. സജിമോനെ യോഗത്തില്‍ നിന്ന് ഒഴിവാക്കി വേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സജിമോനെ ഇറക്കിവിട്ടാണ് യോഗം തുടര്‍ന്നത്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഇടപെട്ടാണ് മുമ്പ് സജിമോനെ സി പി എമ്മില്‍ നിന്ന് നേരത്തെ പുറത്താക്കിയത്. എന്നാല്‍ പിന്നീട് കണ്‍ട്രോള്‍ കമ്മീക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയായിരുന്നു.