നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
അഷറഫ് ചേരാപുരം
ദുബൈ: 1,10,000 ദിര്‍ഹം വിലമതിക്കുന്ന വാച്ച് ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ടു. ഇപ്പോള്‍ അത് തിരികെ ലഭിച്ച സന്തോഷത്തിലാണ് വിനോദ സഞ്ചാരിണി. യു എ ഇയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ദുബൈ സന്ദര്‍ശനത്തിനിടെയാണ് കിര്‍ഗിസ് യുവതിയായ വിനോദസഞ്ചാരിക്ക് വിലമതിക്കുന്ന വാച്ച് നഷ്ടപ്പെട്ടത്. തന്റെ ആഡംബര വാച്ച് തിരികെ ലഭിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒരു വര്‍ഷം മുമ്പ് അത് കാണാതായപ്പോള്‍ കിര്‍ഗിസ് യുവതി പരാതി പോലും ഫയല്‍ ചെയ്തിരുന്നുമില്ല.
വീണ്ടും ദുബൈ നഗരത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ദുബൈ പൊലീസിന്റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് വാച്ച് തിരികെ നല്‍കിയത്. നേരത്തെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നാണ് വാച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെതന്ന് ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് ഇക്കാര്യം പുറത്തുവിട്ടത്. വാഹനാപകടത്തില്‍ പെട്ടതിന് ശേഷമാണ് യുവതി മാതൃരാജ്യത്തേക്ക് മടങ്ങിയത്. വാച്ച് നഷ്ടമായത് അറിഞ്ഞിരുന്നുവെങ്കിലും എവിടെയെങ്കിലും കളഞ്ഞുപോയതാകുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് ദുബൈ പൊലീസിനെ അറിയിക്കാതിരുന്നത്. ഹോട്ടല്‍ അധികൃതര്‍ വാച്ച് തങ്ങളെ ഏല്‍പിച്ചെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലി അല്‍ ജല്ലാഫ് പറഞ്ഞു.
ഹോട്ടല്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിരുന്നത് ട്രാവല്‍ ഏജന്‍സിയുടെ നമ്പറായതിനാല്‍ ഉടനടി ഉടമയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷണത്തില്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ലഭിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ നമ്പറിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ദുബൈ പൊലീസ് വാച്ച് സൂക്ഷിക്കുകയും പ്രത്യേകം രേഖപ്പെടുത്തിവെക്കുകയുമായിരുന്നു. ഇതുവഴി കിര്‍ഗിസ് ടൂറിസ്റ്റ് തിരികെ വന്നപ്പോള്‍ വാച്ച് കൈമാറാന്‍ കഴിഞ്ഞു. തന്റെ വിലയേറിയ വാച്ച് തിരികെ ലഭിച്ച കിര്‍ഗിസ് വനിത അതീവ സന്തോഷവതിയായി ദുബൈ പൊലീസിന് നന്ദി അറിയിച്ചു. വിനോദ സഞ്ചാരികളെയും സഞ്ചാരത്തെയും സത്യസന്ധതയെയും പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ നടപടി പ്രത്യേകം ശ്രദ്ധേയമവുകയായിരുന്നു.