തൃശൂരില്‍ ഡീലോ?, വിവാദം കൊഴുക്കുന്നത് സി പി എം മേയര്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയതിന് പിന്നാലെ

Kerala

തൃശൂര്‍: സി പി എം-ബി ജെ പി ഡീലെന്ന ആരോപണത്തിന് ബലമേകി സി പി എമ്മുകാരനായ തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ് ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പുകഴ്ത്തി രംഗത്തുവന്നതിന് പിന്നാലെ വിവാദം കൊഴുക്കുന്നു. വിവാദമായതോടെ എം കെ വര്‍ഗീസ് നിഷേധനവുമായി രംഗത്തുവന്നെങ്കിലും ഡീലെന്ന ആരോപണം ഇതോടെ അന്തരീക്ഷത്തില്‍ സജീവമായി.

എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ സി പി എം മേയര്‍ വാഴ്ത്തിയത് ഇടതുമുന്നണിക്ക് ക്ഷീണമായി. സുരേഷ് ഗോപി എംപിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്ന് മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന് പ്രഖ്യാപിച്ച മുഴുവന്‍ പണവും നല്‍കി. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നുമായിരുന്നു മേയര്‍ പറഞ്ഞത്.

പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോര്‍പറേഷന്‍ ഓഫിസിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ സാക്ഷി നിര്‍ത്തി മേയറുടെ പ്രതികരണം. എം പിയാകുക എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ലെന്നും സുരേഷ് ഗോപി അതിനു യോഗ്യനാണെന്നതു കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നും വര്‍ഗീസ് ചൂണ്ടിക്കാട്ടി.

മേയറുടെ വാക്കുകള്‍ ഇങ്ങനെ: ‘എം പിയാകുക എന്നു പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങള്‍ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം, അവരുടെ കൂടെ നില്‍ക്കണം. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മള്‍ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനാണ്’. ‘തൃശൂര്‍ മേയര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാന്‍ സ്വതന്ത്രനാണ്. ഞാന്‍ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവര്‍ത്തിക്കും. തൃശൂരിന്റെ വികസനത്തിനു സഹായിക്കാന്‍ വരുന്ന ആരെയും ഞാന്‍ സ്വീകരിക്കും. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്തു വരുമ്പോള്‍ ആരെ, എങ്ങനെ എന്നതു ഞാന്‍ നോക്കുന്നില്ല.” എന്നായിരുന്നു സി പി എം മേയര്‍ വര്‍ഗീസ് പറഞ്ഞത്.

മേയറുടെ ഈ വാക്കുകള്‍ വിവാദമായതോടെ പിന്നീട് ഇത് തിരുത്തുകയായിരുന്നു. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ത്ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കിയത്. അതേസമയം മുമ്പും എം കെ വര്‍ഗ്ഗീസ് സുരേഷ് ഗോപിയെ പുകഴ്ത്തിയിരുന്നു. 2021 ല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എം പി ഫണ്ടില്‍ നിന്ന് തൃശുര്‍ കോര്‍പ്പറേഷന് ഒരുകോടി രൂപ അനുവദിച്ച സുരേഷ്ഗോപിക്ക് നന്ദിയറിയിച്ച് തൃശൂര്‍ മേയര്‍ കത്തെഴുതിയിരുന്നു.