കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുങ്ങുന്നു; നികുതി ഇളവ് തേടി കമ്പനികള്‍

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വീര്യം കുറഞ്ഞ മദ്യത്തിന് വഴിയൊരുക്കാന്‍ ചര്‍ച്ച സജീവം. വില്പനയ്ക്ക് അബ്കാരി ചട്ടം തടസ്സമല്ലെങ്കിലും നികുതിയിളവ് തേടിയാണ് മദ്യക്കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളത്. 0.5 മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിലുള്ളത്. ഇതിന് വില്പനാനുമതി നല്‍കാനായി രണ്ടു വര്‍ഷം മുമ്പ് അബ്കാരി ചട്ടം ഭേദഗതി ചെയ്തിരുന്നു. 42.86 ശതമാനം സ്പിരിറ്റുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനുള്ള നികുതി ഘടനയാണ് ഇതിനും ബാധകം. 400 രൂപയ്ക്കു മുകളില്‍ വിലയുള്ള മദ്യത്തിന് 251 ശതമാനമാണ് വില്പന നികുതി.

സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കടുന്നുപോകുമ്പോള്‍ മദ്യത്തില്‍ നിന്നുള്ള വരുമാനമാണ് ആശ്വാസം. മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് വീര്യം കുറഞ്ഞ മദ്യം ഇറക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ എതിര്‍പ്പ് ഉയരുമെന്നും തിരിച്ചടിയാകുമെന്നും കണ്ടായിരുന്നു രണ്ടുവര്‍ഷം മുമ്പ് അബ്കാരി ചട്ടം ഭേദഗതി ചെയ്തിട്ടും അനുമതി വൈകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. അതിനാല്‍ തന്നെ വീര്യം കുറഞ്ഞ മദ്യം ഇനി സംസ്ഥാനത്ത് വ്യാപകമാകും.